‘ആ നടന്‍റെ വിവാഹവാർത്ത എന്റെ ഹൃദയം തകർത്തെന്ന്’ നടി മീന

ചെന്നൈ . കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി തെന്നിന്ത്യയിലെ മുൻനിര നായിക നടിമാരിൽ മുന്നിരയിൽ തന്നെയാണ് നടി മീന. 6 വയസിൽ സിനിമയിലെത്തി മീന അഭിനേത്രിയെന്ന നിലയിൽ 40 വർഷം പൂർത്തിയാക്കുകയാണ്. ഇതിനിടെ ജീവിതത്തിൽ ഇതുവരെ വെളിപ്പെടുത്താത്ത ചില വിവരങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണി ഇപ്പോൾ താരം. തമിഴ് ചാനലായ സിനി ഉലഗത്തിൽ നടി സുഹാസിനി നടത്തുന്ന ചാറ്റ് ഷോയില്‍ അതിഥിയായി എത്തി കൊണ്ടായിരുന്നു നടി മീനയുടെ വെളിപ്പെടുത്തൽ.

ഇന്ത്യൻ സിനിമയിലെ ഒരു നടനെ തനിക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ വിവാഹവാർത്ത ഹൃദയം തകർത്തതായുമാണ് മീന പറഞ്ഞിരിക്കുന്നത്. ബോളിവുഡിൽ ചുരുങ്ങിയ കാലംകൊണ്ട് സൂപ്പർതാരപദവിയിലെത്തിയ ഹൃതിക് റോഷനാണ് മീനയുടെ ഹൃദയം കവർന്ന ആ നടൻ.


ഹൃതിക്കിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് മീന പറഞ്ഞത് ഇങ്ങനെ: ‘ഹൃതിക് റോഷനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാൾ മതിയെന്നാണ് പറഞ്ഞിരുന്നത്. ഹൃതിക്കിന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയി. എനിക്ക് അന്ന് കല്ല്യാണം ആയിട്ടില്ലായിരുന്നു’ – മീന പറഞ്ഞിരിക്കുന്നു.

ചാറ്റ് ഷോയുടെ അവതാരകയായ സുഹാസിനി, മീന ഹൃതിക്കിനെ പരിചയപ്പെടുന്ന പഴയകാല ഫോട്ടോ പങ്കുവെച്ചതോടെയാണ് മീന തന്‍റെ ഇഷ്ടം തുറന്നു പറയുന്നത്. മകൾ സിനിമാരംഗത്തെത്തിയതാണ് ഇപ്പോൾ തനിക്കുള്ള ഏറ്റവും വലിയ സന്തോഷമെന്ന് നടി മീന പറയുന്നു. വിജയ് നായകനായ തെറി എന്ന ചിത്രത്തിലാണ് മീനയുടെ മകൾ നൈനിക സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രം ബോക്സോഫീസിൽ വൻ വിജയം നേടുകയും ഉണ്ടായി.

പടയപ്പയിൽ രമ്യ കൃഷ്ണൻ ചെയ്ത നെഗറ്റീവ് റോളിലേക്ക് ആദ്യം പരിഗണിക്കുന്നത് മീനയെ ആയിരുന്നു. എന്നാൽ ആ വേഷം ചെയ്യേണ്ടെന്ന് അമ്മയാണ് മീനയോട് പറയുന്നത്. നായികവേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വില്ലത്തിയായി വേഷമിട്ടാൽ അത് കരിയറിനെ പ്രതികൂലമായി ബാധിക്കുമോ? എന്ന ഭയമായിരുന്നു അപ്പോൾ ഉണ്ടായത്. എന്നാൽ ആ കഥാപാത്രം ചെയ്യണമായിരുന്നു എന്ന് പിന്നീട് തോന്നിയതായും മീന പറഞ്ഞിട്ടുണ്ട്.