ആദര്‍ശ് പീഡിപ്പിക്കപ്പെട്ടോ? ശരീരത്തില്‍ ബീജം കണ്ടെത്തി; റീ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ട് പോയിട്ട് രണ്ടര വര്‍ഷം

തിരുവനന്തപുരം ഭരതന്നൂരിൽ കൊല്ലപ്പെട്ട ഏഴാം ക്ലാസുകാരൻ ആദർശിന്റെ മൃതശരീരം റീപോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയിട്ട് രണ്ടര വർഷം പിന്നിട്ടിരിക്കുകയാണ്. തിരുവനന്തപുരം ഭരതന്നൂരിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആദർശ് വിജയനെ 2009 ഏപ്രിൽ അഞ്ചിനാണ് വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസ് കൊലപാതകമാണെന്ന് കണ്ടെത്തിയ കേസ് ആറ് മാസങ്ങൾക്ക് ശേഷം ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ചും സംഭവം കൊലപാതകമാണെന്നതിൽ അടിവരയിട്ടു.

കൂടുതൽ തെളിവുകൾ ശേഖരിക്കാനെന്ന പേരിൽ മൃതശരീര ഭാഗങ്ങൾ എഫ് എസ് എൽ ലാബിലേക്ക് ക്രൈം ബ്രാഞ്ച് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അന്വേഷണത്തിൽ വിശ്വാസം നഷ്ട്ടപ്പെട്ടെന്നും അന്വേഷണ സംഘം തങ്ങളെ കബളിപ്പിക്കുകയാണെന്നും ആദർശിന്റെ മാതാപിതാക്കൾ പറയുന്നു. അതേസമയം എഫ് എസ് എൽ ലാബിൽ നിന്ന് ഫലം ലഭിക്കാൻ ഇനിയും വൈകുമെന്ന് ക്രൈം ബ്രാഞ്ച് വിശദീകരിക്കുന്നു.

മരണ കാരണം തലക്കേറ്റ ക്ഷതം ആണെന്നതും, മരണശേഷം മൃതശരീരം വെള്ളത്തിൽ ഇട്ടതാണെന്നതും, ആദർശിന്റെ വസ്ത്രത്തിൽ കണ്ട പുരുഷ ബീജവുമാണ് കൊലപാതകം എന്ന കണ്ടെത്തലിലേക്ക് അന്വേഷണ സംഘങ്ങളെ എത്തിച്ചത്. 2012 ൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.