കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍ വണ്‍, നാലാം ഭ്രമണപഥമുയർത്തൽ വിജയകരം

ന്യൂഡൽഹി : ഭൂമി വിടാനൊരുങ്ങി ആദിത്യ എല്‍ വണ്‍. നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ആദിത്യ എൽ1 പുലർച്ചെ നാലാമത്തെ ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രോ അറിയിച്ചു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഇസ്രോ ഇത് അറിയിച്ചത്.

ഇതിനോടകം മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും മൂന്നാം തവണ സെപ്തംബര്‍ 10നും ഭ്രമണപഥം ഉയര്‍ത്തി. നാലാം തവണ ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായതിന് ശേഷം പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങി.

മൗറീഷ്യസ്, ബെംഗളൂരു, എസ്ഡിഎസ്സി-ഷാർ, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഇസ്രോയുടെ ഗ്രൗണ്ട് സ്റ്റേഷനുകൾ ഉപഗ്രഹത്തെ ട്രാക്ക് ചെയ്തു. അതേസമയം ആദിത്യ-എൽ 1 നായി നിലവിൽ ഫിജി ദ്വീപുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ട്രാൻസ്‌പോർട്ടബിൾ ടെർമിനൽ പോസ്റ്റ്-ബേൺ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ശ്രദ്ധിക്കും.

നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്റെ മുന്നിലുള്ളത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു.