എനിക്ക് ആൺപ്രതിമ വേണം, അതിൽ എന്ത് സ്ത്രീ വിരുദ്ധത? ന്യായീകരണവുമായി അലൻസിയർ

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എന്നാൽ താൻ പറഞ്ഞതിൽ യാതൊരു സ്ത്രീവിരുദ്ധതയും കാണുന്നില്ലെന്ന് പറഞ്ഞ് നടൻ അലൻസിയർ. പുരുഷനു ഒരു ശരീരം ഉണ്ടെന്നും ഒരു ജീവിതം ഉണ്ടെന്നും അത് സ്ത്രീകളും കൂടി മനസ്സിലാക്കണം. സ്ത്രിയുടെ നഗ്നന ശരീരം മാത്രം വീട്ടിൽ കൊണ്ടുവെക്കുക എന്നല്ല അവാർഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അലൻസിയർ പറഞ്ഞു.

അലൻസിയറിന്റെ വാക്കുകളിങ്ങനെയയിരുന്നു ‘നല്ല ഭാരമുണ്ടായിരുന്നു അവാ‍ർഡിന്. സ്പെഷ്യൽ ജ്യൂറി അവാ‍ർഡാണ് ലഭിച്ചത്. എന്നാൽ തന്നേയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം.

പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്’. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം വേണം, അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധിയിൽ സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു താരം.