വീണ്ടും ഭക്ഷ്യവിഷബാധ മരണം ; അന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

കാസർകോട്: കുഴിമന്തി കഴിച്ചതിനുപിന്നാലെ പെണ്‍കുട്ടി മരിച്ചതില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ കമ്മിഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹോട്ടല്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധിക്കും. മറ്റാര്‍ക്കെങ്കിലും പ്രശ്നമുണ്ടോയെന്ന് ആരോഗ്യവകുപ്പും അന്വേഷിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

കാസർകോട് ഓൺലൈൻ ആയി കുഴിമന്തി വാങ്ങി കഴിച്ച തലശേരി സ്വദേശി അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കുഴിമന്തി കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുശ്രീ പാർവതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടില്‍വെച്ച് കുടുംബത്തിനൊപ്പമാണ് കഴിച്ചത്. കുഴിമന്തി കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.

അഞ്ജുശ്രീ പാര്‍വതിയുടെ നില മോശമായതിനെ തുടര്‍ന്ന്‌ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോകും.

ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 6 ദിവസത്തിനിടെ രണ്ടു പേരാണ് ഭക്ഷ്യവിഷബാധയേറ്റ് കേരളത്തിൽ മരിച്ചത്. കൊച്ചിയിൽ ബിരിയാണിയിൽ കഴിഞ്ഞ ദിവസം പഴുത്തറയെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചിരുന്നു.