ഇനി സമാധാനത്തോടെ നീ ഉറങ്ങൂ, വിസ്മയയുടേത് അവസാനത്തെ സ്ത്രീധന മരണമാവട്ടെ, അഹാന

ശാസ്താം കോട്ടയിൽ ഭർതൃഗൃഹത്തിൽ നിലമേൽ കൈതോട് സ്വദേശിനി വിസ്മയ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളം. സ്ത്രീധനം നൽകിയത് കുറഞ്ഞ് പോയെന്ന് പേരിൽ ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും കൊടും പീഡനമാണ് ഉണ്ടായത്.

ഇപ്പോളിതാ വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച് നടി അഹാന കൃഷ്ണ രം​ഗത്തെത്തി. വിസ്മയ തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചു. കേരളത്തിലെങ്കിലും ഇതായിരിക്കട്ടെ സ്ത്രീധനം മൂലം ഉണ്ടായ അവസാനത്തെ മരണമെന്നും അഹാന ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിങ്ങനെ, ‘വിസ്മയ നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്തായാലും അത് നിനക്ക് നിന്റെ വിവാഹത്തിൽ നിന്ന് ലഭിച്ചില്ല. നീ സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി സമാധാനത്തോടെ നീ ഉറങ്ങൂ. ഇതായിരിക്കും സ്ത്രീധനം മൂലം ഉണ്ടാകുന്ന അവസാനത്തെ മരണം എന്ന് എനിക്ക് ആശ്വസിക്കാൻ സാധിക്കുമോ? നമ്മുടെ സംസ്ഥാനത്തെങ്കിലും? അതോ ഞാൻ ആഗ്രഹിക്കുന്നത് കൂടുതലാണോ

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർത്താവ് നിരന്തരമായി തന്നെ മർദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കൾക്ക് സന്ദേശമയച്ചിരുന്നു. മർദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു. ചിത്രങ്ങളിൽ വിസ്മയയുടെ കൈയ്യിലും കാലിലും അടക്കം അടി കൊണ്ട പാടുകളുണ്ട്. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.