സമരത്തിൽ വിജയിച്ചു വീട്ടിലേക്ക് മടങ്ങുന്ന കര്‍ഷകര്‍ക്കുമേല്‍ വിമാനത്തില്‍ നിന്ന് പുഷ്പവൃഷ്ടി

ഒരു വർഷത്തിലധികം നീണ്ട കര്‍ഷക സമരം വിജയിച്ചതിനെ തുടര്‍ന്ന് ദില്ലിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കര്‍ഷകര്‍ക്കുമേല്‍ വിമാനത്തില്‍നിന്ന് പുഷ്പവൃഷ്ടി നടത്തി. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയിലെ ശംഭു ബോര്‍ഡറില്‍ വെച്ച് വിദേശ ഇന്ത്യക്കാരാണ് വിമാനം സംഘടിപ്പിച്ച് പുഷ്പവൃഷ്ടി നടത്തിയത്.

സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കുകയാണ്. അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി അവസാനിപ്പിച്ചതിന് ശേഷം ഇന്ന് വീടുകളിലേക്ക് മടങ്ങാന്‍ ആരംഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാര്‍ച്ചിനുശേഷം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങും. താത്കാലിക ടെന്റുകളില്‍ ഭൂരിഭാഗം പൊളിച്ചു മാറ്റി കഴിഞ്ഞു.

കര്‍ഷകര്‍ക്ക് ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേസമയം, വിജയാഘോഷ ലഹരിയിലാണ് സമരഭൂമി. അതേസമയം സര്‍ക്കാര്‍ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താന്‍ കിസാന്‍ മോര്‍ച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും. അതിര്‍ത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളില്‍ കര്‍ഷകര്‍ ടെന്റ്റുകള്‍ നേരത്തെ തന്നെ പൊളിച്ചു തുടങ്ങിയിരുന്നു.

വിവിധ വാഹനങ്ങളിലായി ഇന്നലെ തന്നെ സാമഗ്രികള്‍ മാറ്റി തുടങ്ങി. കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് മടങ്ങിയാല്‍ ഉടന്‍ മൂന്ന് അതിര്‍ത്തികളിലെ ബാരിക്കേഡുകള്‍ മാറ്റാന്‍ പൊലീസ് നടപടികള്‍ തുടങ്ങും. നിലവില്‍ അതിര്‍ത്തികളിലെ പൊലീസുകാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. കൃഷി മന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ കേന്ദ്രത്തിന്റെ രേഖമൂലമുള്ള ഉറപ്പുകളടങ്ങിയ കത്ത് കര്‍ഷകര്‍ക്ക് കൈമാറിയിരുന്നു. മുന്നോട്ട് വച്ചതില്‍ അഞ്ച് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഈക്കാര്യങ്ങളില്‍ നടപ്പിലാക്കുന്നതിലെ പുരോഗതി പരിശോധിക്കാനാണ് കിസാന്‍ മോര്‍ച്ച വീണ്ടും യോഗം ചേരുന്നത്.