എഎൽ വിജയിയെ നശിപ്പിച്ചതാരെന്ന കമന്റിന് ചുട്ട മറുപടി നൽകി അമല പോൾ

തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്. വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട മെറിൻ ജോയിയുടെ മരണത്തിൽ പ്രതിയായ ഭർത്താവ് നെവിനെ അനുകൂലിച്ചും ന്യായീകരിച്ചും പലരും രംഗത്തെത്ത് വന്നിരുന്നു. നെവിനെ ന്യായീകരിച്ചും മെറിനെ മോശമായി ചിത്രീകരിച്ചും രംഗത്ത് എത്തിയവർക്ക് എതിരെ പ്രതികരിച്ച് അമല പോൾ എത്തിയിരുന്നു.

നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കിൽ അതിന്റെ പേര് സ്‌നേഹമല്ല, ‘സ്‌നേഹം കൊണ്ടല്ലേ’ എന്ന് പറയുമ്പോൾ അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയണമെന്നും അമല പോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മെറിനെ കുറിച്ച് വ്യക്തിഹത്യ ചെയ്യുന്ന വിധത്തിൽ ചിലർ നടത്തിയ കമന്റുകളും അമല കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. തന്റെ സുഹൃത്തുക്കളിൽ ഒരാൾ എഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു അമലയുടെ പ്രതികരണം.

ഇതിനു താഴെയായാണ് അമലയുടെ മുൻ ഭർത്താവും സംവിധായകനുമായ എഎൽ വിജയിയെ പരാമർശിച്ച്‌ ഒരാൾ കമൻറിട്ടത്. ആരാണ് എഎൽ വിജയ്‌യെ നശിപ്പിച്ചത്? അതിനു എന്ത് പേരാണ് നൽകുക? -ഇതായിരുന്നു കമന്റ്. അതിനെ ആത്മാഭിമാനമെന്നും തന്നോട് തന്നെയുള്ള സ്നേഹമെന്നും പേരിട്ട് വിളിക്കാമെന്നുമായിരുന്നു അമലയുടെ മറുപടി.

2014 ജൂൺ 12നായിരുന്നു അമലാ പോളു൦ സംവിധായകൻ എഎൽ വിജയ്‍യുടെ വിവാഹം. ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ൽ വേർപിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയിൽ നിയമപരമായി വിവാഹ മോചിതരായി. എ.എൽ വിജയ് ജൂലൈ 12ന് വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടർ ആർ ഐശ്വര്യയായിരുന്നു വധു. ഇവർക്ക് ആശംസ നേർന്ന് അമല പോൾ രംഗത്തെത്തിയിരുന്നു.