ചായക്ക് 100 രൂപ കണ്ട് ഞെട്ടിയ മലയാളി പ്രധാനമന്ത്രിക്ക് കത്തയച്ചു, കാര്യം അന്വേഷിച്ച മോദി നൽകിയ നിർദേശം ഇങ്ങനെ

വിമാനത്താവളത്തിലെ കടകളിൽ സാധനങ്ങൾക്ക് വില കൂടുതലാണെന്ന വാർത്തകൾ വന്നിരുന്നു. ഒരു സാധാരണ ചായയ്‌ക്ക് നൂറും അതിൽ കൂടുതലും ഈടാക്കുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാൽ, സാമൂഹ്യമാധ്യമങ്ങളിലെ പ്രതിഷേധം കൊണ്ടൊന്നും വിമാനത്താവളത്തിലെ ചായക്കാശ് കുറഞ്ഞില്ല. ഒടുവിൽ സാക്ഷാൽ പ്രധാനമന്ത്രി തന്നെ ഇടപെട്ടു, ചായക്കാശ് വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച ഒരു കത്താണ് ചായയുടെയും മറ്റും വില പിടിച്ചു നിർത്തിയത്. തൃശ്ശൂർ സ്വദേശിയായ അഡ്വ. ഷാജി കോടൻകണ്ടത്തിലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കൊച്ചി വിമാനത്താവളത്തിൽ 100 രൂപയാണ് ഷാജിയിൽനിന്ന് ചായയ്ക്ക് ഈടാക്കിയത്.വിമാനത്താവള അധികൃതരോട് വിലയെ കുറിച്ച് ചോദിച്ചപ്പോൾ അവർ കൈമലർത്തി. ഇതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിന് പിന്നാലെ വിമാനത്താവളത്തിൽ വിലനിയന്ത്രണം സാധ്യമാക്കുമെന്ന അറിയിപ്പ് ഇദ്ദേഹത്തിന് ലഭിച്ചു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോർട്ടലിൽ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദേശം വന്ന കാര്യം ഷാജി അറിഞ്ഞത്. പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് വിമാനത്താവളങ്ങളിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉൾപ്പെടെയുള്ള ചെറുകടികളും നൽകണമെന്നാണ് മോദി നൽകിയ നിർദ്ദേശം. ഏറെ നാളായുള്ള യാത്രക്കാരുടെ ആവശ്യത്തിനാണ് ഇതോടെ ഫലം കാണുന്നത്.