രണ്ട് വൃക്കകളും തകരാറിൽ, ഒപ്പം ലിവർ സിറോസിസും, പണമില്ലാതെ അംബിക റാവു

സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയിൽ സജീവമായിരുന്ന അംബിക റാവു ദീർഘ നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് അംബിക. അംബിക തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ്.

അംബിക റാവു ഒരിടക്ക് സിനിമാ സംവിധാനത്തിലും ഒരു കൈ ശ്രമിച്ചെങ്കിലും പലവിധ കാരണങ്ങളാൽ അത് മുടങ്ങിപ്പോയി. സിനിമയോടൊപ്പം എന്നും ജീവിക്കാൻ ആ​ഗ്രഹിച്ചിരുന്ന താരം ഇന്ന് അസുഖങ്ങളോട് പോരാടിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അപ്രതീക്ഷിതമായി എത്തിയ അസുഖവുമായുള്ള പോരാട്ടത്തിലാണ് അംബിക റാവു ഇപ്പോൾ. രണ്ട് വൃക്കകളും തകരാറിലാണ്. ഒപ്പം ലിവർ സിറോസിസും അംബികയെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ചികിത്സയ്ക്ക് പോലും പണം കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടിലാണ് ഈ കലാകാരി. സംവിധായകൻ അനിൻ രാധാകൃഷ്ണ മേനോനാണ് അംബികയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചതും സഹായം അഭ്യർഥിച്ചതും.

അംബിക സഹോദരന്റെ ഫ്ലാറ്റിലാണ് ഇപ്പോൾ താമസിക്കുന്നത്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപമാണ് ഫ്ലാറ്റ്. രണ്ട് വൃക്കകളും നേരത്തെതന്നെ തകരാറിലായി. ആഴ്ചയിൽ മൂന്ന് പ്രാവശ്യമാണ് ഡയലിസിസ് നിർദേശിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് അത് രണ്ട് തവണയായി ചെയ്തുവരുന്നു. ഒരുവിധം പ്രശ്‌നങ്ങളൊന്നുമില്ലാതെ പോവുകയായിരുന്നു. പക്ഷേ കോവിഡ് എല്ലാം തകർത്ത് കളഞ്ഞു. ഇപ്പോൾ ലിവർ സിറോസിസ് മാത്രമല്ല വയറ്റിനുള്ളിൽ ജലം വന്ന് നിറയുന്നുമുണ്ട്. ജലം നിറയുമ്പോഴുള്ള ഭാരം നിമിത്തം എഴുന്നേറ്റ് നിൽക്കാൻപോലുമാകുന്നില്ല. ഡയലിസിസിനും മരുന്നിനുമൊക്കെയായി നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്. ചിലപ്പോൾ ചില സുമനസ്സുകൾ അംബികയെ സഹായിക്കും. അതാണ് ആകെയുള്ള ആശ്വാസം. പക്ഷേ ഇപ്പോഴത്തെ അവസ്ഥ തീരെ മോശമാണ്.

ഡയലിസിസും മുടങ്ങിയിരിക്കുന്നു. അസഹനീയമായ ഈ വേദനയിലൂടെയാണ് അംബിക കടന്നുപോകുന്നത്. സുമനസുകളുടെ സഹായം ലഭിച്ചാൽ അംബികയ്ക്ക് തിരികെ ജീവിതത്തിലേക്ക് വരാൻ സാധിക്കും. വിവാഹമോചിതയായതിന് ശേഷം 36ആം വയസിലാണ് അംബിക സിനിമയിലേക്ക് വരുന്നത്. അംബികയുടെ അച്ഛൻ മറാഠിയും അമ്മ മലയാളിയുമായിരുന്നു.