കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അമിത് ഷായുടെ ആദ്യ കാശ്മീര്‍ സന്ദര്‍ശനം ജൂണ്‍ 30ന്

ന്യൂ ഡല്‍ഹി: കശ്മീര്‍ സന്ദര്‍ശനത്തിന് ഒരുങ്ങി അമിത് ഷാ. കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അമിത് ഷായുടെ ആദ്യ കാശ്മീര്‍ സന്ദര്‍ശനമാണിത്. ജൂണ്‍ 30 നാണ് അമിത് ഷാ കശ്മീര്‍ സന്ദര്‍ശനം നടത്തുന്നത്. കാശ്മീരിലെത്തിയ ശേഷം സുരക്ഷാസ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് സന്ദര്‍ശനത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് കൗളാണ് അമിത് ഷായുടെ കാശ്മീര്‍ സന്ദര്‍ശന വാര്‍ത്ത സ്ഥിരീകരിച്ചത്. സന്ദര്‍ശനത്തിനിടെ അദ്ദേഹം അമര്‍നാഥ് ഗുഹയും സന്ദര്‍ശിക്കുമെന്ന് കൗള്‍ വ്യക്തമാക്കി.

അമര്‍നാഥ് തീര്‍ത്ഥയാത്രയുടെ ഭാഗമായുളള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക യോഗവും ചേരുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി അമിത് ഷാ നിര്‍ണ്ണായകമായ ഉന്നതതല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ഇതിനു പിന്നാലെ കാശ്മീരിലെ നിലവിലുള്ള സാഹചര്യങ്ങള്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ആറു മാസത്തേക്ക് കൂടി കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ നേടിയ മികച്ച വിജയത്തെ സൈന്യത്തിന്റെ മിന്നലാക്രമണത്തോട് ഉപമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. പാകിസ്താനെതിരായ ‘മറ്റൊരു ആക്രമണ’മായിരുന്നു ഇതെന്നും ‘ഫലം ഒന്നുതന്നെ’യാണെന്നും ഷാ ട്വിറ്ററില്‍ കുറിച്ചു. ”പാകിസ്താനുമേല്‍ ടീം ഇന്ത്യയുടെ മറ്റൊരു ആക്രമണം. ഫലം ഒന്നുതന്നെ. മികച്ച പ്രകടനം നടത്തിയ ടീമിന് അഭിനന്ദനങ്ങള്‍. ഗംഭീര വിജയത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനമുണ്ട്” എന്നായിരുന്നു ട്വീറ്റ്