മമ്മൂട്ടിക്ക് എസ്ഡിപിഐ ആംബുലന്‍സ് ഉപയോഗിക്കാമെങ്കില്‍ ഉണ്ണി മുകുന്ദന് സേവാഭാരതി ഉപയോഗിച്ചൂടെ; കുറിപ്പ് വൈറല്‍

നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രമാണ് മേപ്പടിയാന്‍. തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.സേവാഭാരതിയുടെ ആംബുലന്‍സ് കാണിച്ചു എന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്നവര്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമകളില്‍ സേവാഭാരതിയുടെ ആംബുലന്‍സ് കൃത്യമായി കാണിക്കുമായിരുന്നുവെന്നും അന്നൊന്നും മതം തിരഞ്ഞുള്ള വിവാദം ഉണ്ടാകാറില്ലായിരുന്നു എന്നുള്ള നിരീക്ഷണവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നുണ്ട്. മോഹന്‍ലാല്‍ നായകനായ മഹാസമുദ്രം എന്ന സിനിമയില്‍ ‘സേവാഭാരതിയുടെ’ ആംബുലന്‍സ് കാണിക്കുന്നുണ്ട്. സമാനമായ മറ്റ് ചില സിനിമകളിലെ കുറിച്ചുള്ള ചര്‍ച്ചയാണ്‌ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

സേവാഭാരതിയുടെ ആംബുലന്‍സ് ചിത്രത്തില്‍ കാട്ടിയെന്നും നായകന്‍ ശബരിമലയില്‍ പോയെന്നും ഹൈന്ദവ ബിംബങ്ങളെ പ്രതിഷ്ഠിച്ചു സംഘി അജണ്ടയാണ് ചിത്രത്തില്‍ കാട്ടിയതെന്നുമായിരുന്നു വിമര്‍ശകരെന്ന പേരില്‍ പലരുടെയും ആരോപണം. സേവാഭാരതിയുടെ ആംബുലന്‍സ് കാണിച്ചതിന് എന്തിനാണ് ഇത്ര പ്രശ്നവും വിമര്ശനവുമെന്ന് മനസിലാകുന്നില്ലെന്ന് സംവിധായകന്‍ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, മറ്റ് സിനിമകളില്‍ പല രാഷ്‌ടീയ പാര്‍ട്ടികളുടെയും ആംബുലന്‍സുകളെ കാണിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോള്‍ എവിടുന്ന് പൊട്ടി മുളയച്ചതാണെന്നുമുള്ള ചോദ്യമാണ് ഉയരുന്നത്.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ‘തോപ്പില്‍ ജോപ്പന്‍’ എന്ന സിനിമയിലെ ഒരു ഗാനരംഗത്ത് എസ്.ഡി.പി.ഐയുടെ ആംബുലന്‍സ് കാണിക്കുന്നുണ്ടെന്നും അപ്പോഴൊന്നും മമ്മൂട്ടി സുടാപ്പി ആണേ എന്ന് പറഞ്ഞ് ആരും കരയുകയോ വിവാദമുണ്ടാക്കുകയോ സൈബര്‍ ആക്രമണം നടത്തുകയോ ചെയ്തില്ലല്ലോ എന്ന ചോദ്യമാണ് യുവരാജ് ഗോകുല്‍ എന്ന യുവാവ് തന്റെ ഫേസ്‌ബുക്കിലൂടെ ചോദിക്കുന്നത്.