അഞ്ജുവിന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കാൻ ബ്രിട്ടിഷ് പൊലീസ് കേരളത്തിലേക്ക്

മലയാളി നഴ്സായ അഞ്ജുവും രണ്ട് മക്കളും ബ്രിട്ടനിലെ കെറ്ററിങ്ങില്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം കേരളത്തിലേക്ക്. ബ്രിട്ടീഷ് പൊലീസ് സംഘം വൈക്കത്ത് എത്തി കൊല്ലപ്പെട്ട അഞ്ജുവിന്റെ മാതാപിതാക്കളുടെ മൊഴി എടുക്കും. കണ്ണൂരിലും എത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുടെ ബന്ധുക്കളുടെയും മൊഴിയും രേഖപ്പെടുത്തും.

ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ഡിസംബര്‍ 15 നു രാത്രി ഇന്ത്യന്‍ സമയം 11.15 നാണ് അഞ്ജുവിനേയും മക്കളായ ജീവ(6), ജാന്‍വി(4) എന്നിവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറയിലെ ചേലപാലില്‍ സാജു ഇപ്പോൾ ബ്രിട്ടനിലെ ജയിലിലാണ്. അഞ്ജുവിനെയും മക്കളെയും കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.

അധികം സംസാരിക്കാത്ത ആളായിരുന്നു സാജു. നാട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും അഞ്ജുവിന് വിലക്കായിരുന്നു. ഡിസംബര്‍ ആദ്യവാരം സഹോദരി അശ്വതിയെ വിളിച്ച അഞ്ജു അവിടെ കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും നേരില്‍ കാണുമ്പോള്‍ പറയാമെന്നും പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അഞ്ജുവിനെ കാണാത്തതിനെ തുടര്‍ന്ന് മലയാള സമാജം പ്രതിനിധി വീട്ടിൽ എത്തിയപ്പോൾ വാതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നും തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.