മകരവിളക്ക് ഇന്ന് ; പുണ്യദർശനം കാത്ത് സന്നിദാനത്തും പരിസരത്തും ഒരു ലക്ഷത്തിലേറെപ്പേര്‍

പത്തനംതിട്ട: ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും കണ്ണും നട്ട് ഭക്തർ കാത്തിരിക്കുകയാണ്. സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലേറെപ്പേർ തമ്പടിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6.15 ന് സന്നിധാനത്തെത്തും. ആറരയോടെയാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന.

തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധനയ്‌ക്ക് ശേഷം 6.30-നും 6.50-നും മദ്ധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. രാത്രി 8.45-നാണ് മകരസംക്രമ മൂഹൂർത്തം. അയ്യപ്പവിഗ്രഹത്തിൽ നിന്ന് തിരുവാഭാരണങ്ങൾ മാറ്റിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊടുത്തുവിട്ട അയ്യപ്പമുദ്രയിലെ നെയ്യ് സംക്രമവേളയിൽ അഭിഭേഷകം ചെയ്യും.

അത്താഴപൂജയ്‌ക്ക് ശേഷം മാളികപ്പുറത്ത് നിന്നുള്ള എഴുന്നുള്ളിപ്പ് തുടങ്ങും. മകരവിളക്ക് മഹോത്സവം പ്രമാണിച്ച് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 19-ാം തിയതി വരെയാണ് തീർത്ഥാടകർക്ക് ദർശനത്തിന് അവസരമുള്ളത്. തീർത്ഥാടനത്തിന് സമാപനം കുറിച്ച് 20-ന് രാവിലെ 6.30-ന് നട അടയ്‌ക്കും