വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി, ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേർന്നു

ഹൈദരാബാദ് . വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി നൽകി കൊണ്ട് ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേർന്നു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ബിജെപി നേതാവ് അരുണ്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് കിരണ്‍കുമാര്‍ റെഡ്ഡിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.

ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി അസ്വാരസ്യങ്ങളിൽ ആയിരുന്നു 62 കാരനായ കിരണ്‍കുമാര്‍ റെഡ്ഡി. ബി ജെ പി യിൽ ചേരുന്നതിനു മുന്നോടിയായി കഴിഞ്ഞമാസം കിരണ്‍കുമാര്‍ റെഡ്ഡി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന് കത്തു നല്‍കിയിരുന്നു.

വിഭജനത്തിന് മുമ്പുള്ള ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്നു കിരണ്‍കുമാര്‍ റെഡ്ഡി. 2010 നവംബര്‍ മുതല്‍ 2014 മാര്‍ച്ച് വരെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചിരുന്ന കിരണ്‍കുമാര്‍ റെഡ്ഡി, അതിനു മുമ്പ് നിയമസഭ സ്പീക്കറായും പ്രവര്‍ത്തിച്ചിരുന്നു.

ആന്ധ്ര വിഭജനത്തെ എതിര്‍ത്ത കിരണ്‍കുമാര്‍ റെഡ്ഡി 2014ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയുണ്ടായി. തുടര്‍ന്ന് ജയ് സമൈക്യ ആന്ധ്രാപാര്‍ട്ടി എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാവാതെ വന്നപ്പോൾ 2018 ല്‍ വീണ്ടും കോണ്‍ഗ്രസില്‍ മടങ്ങിയെത്തുകയായിരുന്നു.