ഞാൻ മടുത്തു അമ്മേ, സമാധാനത്തോടെ ജീവിക്കാൻ അയാൾ അനുവദിക്കുന്നില്ല, അനുമോൾ അയച്ച അവസാന സന്ദേശം ഇങ്ങനെ

ഇടുക്കിയിൽ കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാരും വീട്ടുകാരും. ഇടുക്കി കാഞ്ചിയാർ പേഴുംകണ്ടം വട്ട മുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ എന്ന 27കാരിയായ അനുമോളെയാണ് മരിച്ച നലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ. ഭർത്താവ് ബിജേഷ് ഒളിവിലാണ്.

അനുമോളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തായി. മദ്യപിച്ചെത്തിയ ഭർത്താവ് ഉപദ്രവിക്കുന്നുണ്ടെന്നായിരുന്നു അനുമോൾ അവസാനം വാട്സാപ്പിൽ അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്. മസ്കറ്റിലുള്ള പിതൃസഹോദരിക്ക് 17ാം തീയതി രാത്രി എട്ട് മണിയോടെയായിരുന്നു അനുമോൾ മെസേജ് അയച്ചത്. ഇത് തന്നെയാണ് യുവതിയുടെ ബന്ധുക്കൾക്ക് അവസാനമായി ലഭിച്ച സന്ദേശവും. തൻറെ വീട്ടിലേക്ക് തന്നെ പോകണമെന്നില്ലെന്നും എവിടെയെങ്കിലും പോയി പണി ചെയ്ത് ജീവിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നും യുവതി മരിക്കുന്നതിന് മുമ്പ് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് വീടിൻറെ കിടപ്പുമുറിയിൽ പുതപ്പിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ സൂക്ഷിച്ച നിലയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്.

ജീവിതം മടുത്തു. ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. പറയുന്നവർക്ക് എന്തും പറയാം, അനുഭവിക്കുന്നവർക്കല്ലേ അതിൻറെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. “പുറത്തുനിന്ന് നോക്കുന്നവർക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നുമൊക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷൻ കൂടെയുണ്ടെങ്കിലേ ജീവിക്കാൻ പറ്റുകയുള്ളെന്നൊന്നുമില്ലല്ലോ.” എന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഈ സന്ദേശത്തിന് പിന്നാലെ അനുമോളുടെ മരണവിവരമാണ് ബന്ധുക്കൾ അറിയുന്നത്. ശബ്ദ സന്ദേശം കിട്ടിയ സലോമി അനുമോൾക്ക് മറുപടി അയച്ചിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തിരുന്നു.