കോടതി നടപടികളും ഒത്തുതീർപ്പ് ശ്രമങ്ങളും പുരോഗമിക്കുന്നു; പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദി അറിയിച്ച് നിമിഷപ്രിയ

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശബ്ദസന്ദേശം പുറത്തുവന്നു. യെമനി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് യെമന്‍ കോടതി ശിക്ഷിച്ചത്. അതേസമയം നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്നും രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ദയാധനം നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കും.

നിമിഷപ്രിയയ്ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുവാന്‍ പണം സ്വരൂപിക്കുന്നവര്‍ക്ക് നന്ദിയുണ്ടെന്നെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആക്ഷന്‍ കൗണ്‍സിലിനും നന്ദി അറിയിക്കുകയാണെന്നും നിമിഷപ്രിയ പറയുന്നു. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കും. കൊല്ലപ്പെട്ടയാളുടെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഏകദേശം 1.5 കോടി ദയാധനം നല്‍കേണ്ടിവരുമെന്ന് യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം യെമനിലെ സായിലെ ജയിലിലാണ് നിമിഷപ്രിയ. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി നിമിഷപ്രിയയെ രക്ഷിക്കുവാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. എന്നാല്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് നിമിഷപ്രിയയുടെ കേസിലെ നടപടികള്‍ വേഗത്തിലാക്കുവാന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശവും നല്‍കിയിരുന്നു.