ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി എപി അബ്ദുല്ലക്കുട്ടി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എ പി അബ്‌ദുളളക്കുട്ടിയെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നിലവില്‍ ബി ജെ പിയുടെ ദേശീയ ഉപാദ്ധ്യക്ഷനാണ് അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

നിയമസഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തിരക്കിലുള്ള എല്‍ ഡി എഫും യു ഡി എഫും ഇതു വരെ മലപ്പുറം ഉപതിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെയാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ കളം നിറയുന്നത്.

മുസ്ലീം ലീഗില്‍ അരഡസനോളം നേതാക്കള്‍ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ലക്ഷ്യമിട്ട് രംഗത്തുണ്ട്. എസ് എഫ് ഐ നേതാവ് വി പി സാനുവിനെയാണ് സി പി എം മലപ്പുറത്ത് പരിഗണിക്കുന്നത്. മലപ്പുറം ഉപതിരെഞ്ഞെടുപ്പില്‍ ആത്മാഭിമാന സംരക്ഷണ സമിതി തങ്ങളുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എ പി സാദിഖലി തങ്ങളാണ് ആത്മാഭിമാന സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥി. അധികാരത്തിന് വേണ്ടിയാണ് പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതെന്നാരോപിച്ച്‌ ഒരു വിഭാഗം യുവാക്കള്‍ രൂപീകരിച്ചതാണ് ആത്മാഭിമാന സംരക്ഷണ സമിതി.