സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തു, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിൻ്റെ ഭാര്യ ഭാര്യ ലൂയിസ് ഖുർഷിദിനെതിരെ അറസ്റ്റ് വാറണ്ട്

ലക്‌നൗ: സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിൻ്റെ ഭാര്യ ലൂയിസ് ഖുർഷിദിനെതിരെ ഉത്തർപ്രദേശിലെ ബറേലിയിലെ എംപി-എംഎൽഎ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2009-10 കാലഘട്ടത്തിൽ ഖുർഷിദും ഭാര്യ ലൂയിസ് ഖുർഷിദും അധ്യക്ഷനായ ഒരു ട്രസ്റ്റ് കൃത്രിമ കൈകാലുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള ഗ്രാൻ്റുകൾ ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

ഖുർഷിദിൻ്റെ മുത്തച്ഛൻ്റെയും ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയുടെയും പേരിൽ ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോ സക്കീർ ഹുസൈൻ മെമ്മോറിയൽ ട്രസ്റ്റ് 71 ലക്ഷം രൂപയുടെ സർക്കാർ ഗ്രാൻ്റുകൾ ദുരുപയോഗം ചെയ്തെന്നാണ് ആരോപണം .

2012-ൽ ഒരു ടെലിവിഷൻ വാർത്താ ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ദുരുപയോഗം ആരോപിക്കപ്പെട്ടത്. ഫണ്ട് ഉദ്ദേശിച്ച രീതിയിൽ വിനിയോഗിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്താൻ സർക്കാർ ഉദ്യോഗസ്ഥരുടെ വ്യാജ സീലും ഒപ്പും ഉപയോഗിച്ചാണ് സർക്കാർ ഫണ്ട് തട്ടിച്ചത്.

പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. ഭോജിപ്പുര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ട്രസ്റ്റ് സെക്രട്ടറി അത്തർ ഫാറൂഖിനെതിരെയും അറസ്റ്റ് വാറണ്ടുണ്ട്.