സ്‌ക്രീനിലെ ഭര്‍ത്താവിനും ജീവിതത്തിലെ നല്ലപാതിക്കുമൊപ്പം മൃദുല, വൈറലായി ചിത്രം

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് പൂക്കാലം വരവായി. പരമ്പരയിലെ അഭി-സംയുക്ത ജോഡികളെ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമാണ്. ഭാര്യയ്ക്ക് ശേഷം മൃദുല വിജയിയും അരുണ്‍ രാഘവും ഒരുമിച്ച പരമ്പര കൂടിയാണ് പൂക്കാലം വരവായി. മികച്ച സ്വീകാര്യതയാണ് പരമ്പരയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്. അപ്രതീക്ഷിതമായാണ് അഭിയുടെ ജീവിതത്തിലേക്ക് സംയുക്ത എത്തിയതും അവരുടെ ജീവിതവുമാണ് പരമ്പരയില്‍.

ഭാര്യ എന്ന പരമ്പരയിലും ഭാര്യ ഭര്‍ത്താക്കന്മാരായാണ് ഇരുവരും എത്തിയത്. മൃദുലയുമായുള്ള കെമിസ്ട്രിയെക്കുറിച്ച് വാചാലനായി നേരത്തെ അരുണ്‍ രാഘവ് എത്തിയിരുന്നു. വര്‍ഷങ്ങളായി തനിക്ക് മൃദുലയെ അറിയാമെന്ന് അരുണ്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മൃദുലയുടെ ജീവിതത്തിലെ സുപ്രധാന ചടങ്ങിന് സാക്ഷിയാവാന്‍ എത്തിയിരിക്കുകയാണ് അരുണ്‍. യുവകൃഷ്ണയുമായുള്ള മൃദുലയുടെ വിവാഹ ശേഷം അരുണിന്റെ ഒപ്പമുള്ള മൃദുലയുടെ സെല്‍ഫി ആണ് സോഷ്യല്‍ ലോകത്ത് വൈറല്‍ ആയി മാറിയിരിക്കുന്നത്.

സ്‌ക്രീനിലെ ഭര്‍ത്താവിനും ജീവിതത്തിലെ യഥാര്‍ത്ഥ ഭര്‍ത്താവിനുമൊപ്പം ചിരിച്ച് പോസ് ചെയ്യുകയായിരുന്നു മൃദുല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഇന്നലെ രാവിലെയായിരുന്നു വിവാഹം. വിവാഹ ശേഷം സ്വകാര്യ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കായി വിരുന്ന് നടത്തിയിരുന്നു. നീനു, എലീന പടിക്കല്‍, സാജന്‍ സൂര്യ, നോബി തുടങ്ങി നിരവധി താരങ്ങളാണ് മൃദുലയേയും യുവ കൃഷ്ണയേയും കാണാനായെത്തിയത്.