ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കുംവേണ്ടി പാടിയ മനോഹര ഗാനങ്ങൾക്കൊക്കെയും നന്ദി, ഷൂട്ടിംഗ് ഫ്ളോറിൽ വച്ച് സോമദാസ് പറഞ്ഞത് ആര്യ

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് സോമദാസ്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാര്ഥിയും ആയിരുന്ന സോമദാസിന്റെ അവസാന നാളുകൾ അതീവ ദയനീയമാണ്. ഇന്ന് രാവിലെയാണ് സോമദാസ് വിടപറഞ്ഞത്. കൊവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും നാല് പെൺമക്കളും ഉണ്ട്.

വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു അന്ന് മുതൽ ഈ ഗായകൻ മലയാളികളുടെ മനസിലേക്ക് കയറിക്കൂടാൻ ഇടയായത്.ഇപ്പോഴിതാ അവതാരകയും മുൻ ബിഗ്‌ബോസ് താരവും നടിയുമായ ആര്യ സോമദാസിന്റെ വേർപാടിൽ അനുശോചനം അറിയിച്ചുകൊണ്ട് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സോമദാസിനെ അവസാനമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് ആര്യ.

കുറിപ്പിങ്ങനെ, വിശ്വസിക്കാനാവുന്നില്ല! ദിവസങ്ങൾക്കു മുൻപ് ‘സ്റ്റാർട്ട് മ്യൂസിക്കി’ൻറെ അവസാന എപ്പിസോഡ് ചിത്രീകരണം നമ്മൾ വലിയ സന്തോഷത്തോടെയാണ് പൂർത്തിയാക്കിയത്. ആ എപ്പിസോഡ് ഞാൻ എങ്ങനെ കാണും എൻറെ പൊന്നു സോമൂ.. അത്രയും നിഷ്‍കളങ്കതയുള്ള ഒരു ആത്മാവ് ആയിരുന്നു.

ബിഗ് ബോസ് ഹൗസിൽ ആയിരിക്കെ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കുംവേണ്ടി പാടിയ മനോഹര ഗാനങ്ങൾക്കൊക്കെയും നന്ദി. ഞങ്ങൾക്ക് തടയാനാവാതിരുന്ന നിഷ്കളങ്കമായ ആ പുഞ്ചിരികൾക്കൊക്കെയും നന്ദി. എവിടെയായിരുന്നാലും സമാധാനത്തോടെയിരിക്കട്ടെ പ്രിയപ്പെട്ടവനെ.’കണ്ണാനകണ്ണേ’ എന്ന ആ പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാനാവില്ല.

ഷൂട്ടിംഗ് ഷ്ളോറിൽ വച്ച് അവസാനം കണ്ടപ്പോൾ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു: “ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാൻ”. നമ്മുടെ പദ്ധതികൾക്കായി ഇനിയും കാത്തിരിക്കണമെന്ന് തോന്നുന്നു സോമൂ. ഒരു ദിവസം നിങ്ങളുടെ അടുത്തേക്ക് എത്തുന്നതുവരെ സമാധാനത്തോടെയിരിക്കൂ.. ആര്യ കുറിച്ചു.