പ്രവാസ ലോകത്തെ ഒറ്റപ്പെട്ട ജീവിതം വിഷാദ രോഗങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്, ജീവനൊടുക്കുന്നതില്‍ വരെ എത്തുന്നു, അഷ്‌റഫ് താമരശേരി പറയുന്നു

പലപ്പോഴും പല മാനസിക സങ്കര്‍ഷങ്ങളിലൂടെയാണ് പ്രവാസികള്‍ കടന്നു പോകുന്നത്. ഒറ്റപ്പെട്ടുള്ള ജീവിതവും ജോലിയുടെ ഭാരവും എല്ലാം അവരെ ഡിപ്രഷനില്‍ വരെ കൊണ്ടെത്തിക്കാം. ഒടുവില്‍ ഇത് സ്വയം ജീവനൊടുക്കുന്നതില്‍ വരെ എത്താം. ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ജീവനൊടുക്കിയ നാല് മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയച്ചതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, ഇന്ന് നാലു മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്. നാലും #മലയാളികള്‍. നാലു പേരും #ആത്മഹത്യ ചെയ്തത്. കമ്പനി പൂട്ടിപോയതാണ് ഒരാള്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം. മറ്റൊരാള്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ച് താമസിക്കുന്ന മുറിയില്‍ പെട്രോള്‍ വാങ്ങിക്കൊണ്ട് വെക്കുകയായിരുന്നു. പെട്രോള്‍ എന്തിനാണ് എന്ന് എന്ന് അന്വേഷിച്ചവരോട് തന്റെ സുഹൃത്തിന്റെ വണ്ടിയില്‍ ഇടയ്ക്കിടെ പെട്രോള്‍ തീര്‍ന്ന് വഴിയില്‍പ്പെടാറുണ്ടെന്നും അദ്ദേഹത്തിനു വേണ്ടി വാങ്ങിയതാണെന്നും പറഞ്ഞു ഒഴിക്കുകയായിരുന്നു. മുറിയില്‍ ആരും ഇല്ലാത്ത സമയം നോക്കി പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു അദ്ദേഹം. ബാക്കിയുള്ള രണ്ടുപേര്‍ ആത്മഹത്യക്ക് തിരഞ്ഞെടുത്തതും വ്യത്യസ്തമായ വഴികളായിരുന്നു.

പരിഹരിക്കാന്‍ കഴിയുമായിരുന്ന വിഷയങ്ങളായിരിക്കാം ഇവരെയൊക്കെ ആത്മഹത്യയിലേക്ക് നയിച്ചത്. പരിഹാരത്തിന് ശ്രമിക്കാത്തതോ പരിഹരിക്കാന്‍ ആരും ഇടപെടാത്തതോ ആയിരിക്കും വിഷയം വഷളാക്കിയത്. പ്രവാസ ലോകത്തെ ഒറ്റപ്പെട്ട ജീവിതം വിഷാദ രോഗങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്. ആരും അന്വേഷിക്കാനില്ല എന്ന കാരണത്താല്‍ ലഹരിക്ക് അടിമപ്പെട്ട് ജീവിതം പാഴാക്കി കളയുന്നവരുണ്ട്. ദാമ്പത്യ ജീവിത പരാജയം കാരണം ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നവരുണ്ട്. നമ്മെ കാത്തിരിക്കുന്ന പ്രിയപ്പെട്ട മാതാവ് , പിതാവ് കുടുംബം കുട്ടികള്‍ എന്നിവരെ കുറിച്ച് ഓര്‍ക്കാന്‍ കഴിയാത്തവരാണ് ആത്മഹത്യ പരിഹാരമായി തിരഞ്ഞെടുക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍, സന്നദ്ധ, സാമൂഹിക സംഘടന സംവിധാനങ്ങള്‍ ഇനിയെങ്കിലും മുന്നോട്ട് വരേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.