തിരുവനന്തപുരത്ത് മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധന് മർദനം

തിരുവനന്തപുരം. തിരുവനന്തപുരം കന്യാകുളങ്ങരയിൽ മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധന് ക്രൂരമർദനം. ഓട്ടോ ഡ്രൈവറാണ് കമ്പുകൊണ്ട് ക്രൂരമായി മർദിച്ചത്. ദേവൻ എന്നയാൾക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ദേവനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്.

ഇതോടെ ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. മർദിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ വൃദ്ധന്റെ സഹോദരന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായി പ്രദേശത്ത് കണ്ടുവരുന്ന വ്യക്തിയാണ് ദേവൻ. മാനസികമായി ബുദ്ധിമുട്ട് നേരിടുന്ന വ്യക്തിയായതിനാൽ പ്രത്യേക അംഗചലനങ്ങളോടെയാണ് ഇയാൾ നടക്കാറുള്ളത്.