ലൈഫ് മിഷൻ അഴിമതി; സംശയങ്ങൾ നീളുന്നത് മുഖ്യമന്ത്രിക്ക് നേരെ- കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ സംശയങ്ങൾ നീളുന്നത് മുഖ്യമന്ത്രിയിലേയ്‌ക്കാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് അട്ടിമറിക്കാൻ പലപ്പോഴായി പിണറായി വിജയൻ ശ്രമിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു.

ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണെന്നും ലൈഫ് മിഷൻ അഴിമതിയിൽ സർക്കാരിനുള്ള പങ്ക് എന്താണെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ തുറന്നടിച്ചു. ഇരുപത് കോടിയുടെ ധനസഹായം ലൈഫ് മിഷന് നൽകിയതിലാണ് ഭീമമായ കോഴ നടന്നിരിക്കുന്നത്. നാലു കോടിയിലധികം രൂപ ഈ ഇനത്തിൽ കൈക്കൂലി ആയി നൽകിയെന്നാണ് കേസ്.

അതിൽ വലിയ ഒരു തുക കൈപ്പറ്റിയിരിക്കുന്നത് ശിവശങ്കരനാണ്. ലൈഫ് മിഷൻ കോഴക്കേസ് ഇഡി അന്വേഷിക്കാൻ ആരംഭിച്ച സമയത്ത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. അതിനുശേഷം, ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അന്വേഷങ്ങൾ തടസ്സപ്പെടുത്താൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.