അച്ഛനെ കൊലപ്പെടുത്തിയ കേസ്, ആയുർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ

തൃശൂർ : അച്ഛന് ഭക്ഷണത്തിൽ വിഷം ചേർത്ത് കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ആയുർവേദ ഡോക്ടർ നേപ്പാളിൽ കുളത്തിൽ മരിച്ചു. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത്. ഒരു വർഷം മുൻപാണ് ഇയാൾ അച്ഛനു പ്രാതലിൽ വിഷം നൽകി കൊലപ്പെടുത്തിയത്.

കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറുപ്പം മുതൽ അച്ഛനോട് തോന്നിയ വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് യുവാവിനെ നയിച്ചത്. ജാമ്യത്തിലിറങ്ങിയ യുവാവിനെ ചികിത്സയ്ക്കായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ ഒരു സ്വകാര്യ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഒരാഴ്ച മുൻപ് ആരോടും പറയാതെ രക്ഷപ്പെട്ടു. യുവാവ് അപസ്മാര രോഗിയായിരുന്നു.

നേപ്പാളിൽ താമസിച്ചിരുന്ന കേന്ദ്രത്തിലെ കുളത്തിൽ മയൂർനാഥ് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചതായാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. യുവാവിന്റെ ബാഗിൽ നിന്നു കണ്ടെടുത്ത ഫോൺ നമ്പറിൽ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. നേപ്പാളിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം അവിടെ സംസ്കരിച്ചു.