കൈയിൽ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്‌ സെക്രട്ടേറിയറ്റിന് മുന്നിൽ ഒറ്റയാൾ സമരം നടത്തി ഭീമൻ രഘു

മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ഭീമൻ രഘു. വില്ലൻ വേഷങ്ങളിലൂടെ ആദ്യ കാലത്ത് സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് കോമഡി വേഷങ്ങളിലൂടെയും തിളങ്ങി. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കും ഭീമൻ രഘു ചുവട് മാറ്റിയിരുന്നു. പാവപ്പെട്ടവർക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയിൽ പിടിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നിൽ ഒറ്റയാൾ സമരവുമായെത്തിയ നടൻ ഭീമൻ രഘുവിന്റെ ചിത്രങ്ങളും വീഡിയോയും വൈറലാകുകയാണ്.

കൈയിൽ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്‌, കൈലി മുണ്ടുമിട്ടാണ് രഘു സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. പൊലീസുകാർ നടനൊപ്പം സെൽഫിയെടുക്കുകയും ചെയ്യുന്നുണ്ട്.എന്നാൽ നടൻ എന്തിനാണ് സമരം ചെയ്യുന്നതെന്ന് ആദ്യമൊന്നും ചുറ്റും കൂടിയവർക്ക് മനസിലായില്ല. തുടർന്ന് അദ്ദേഹം തന്നെ കാര്യം പറഞ്ഞു. പുതിയ ചിത്രമായ ‘ചാണ’യുടെ പ്രമോഷനു വേണ്ടിയാണ് എത്തിയത്.

‘കൂട്ടത്തിലുള്ള ഒരു ആർട്ടിസ്റ്റുകളും ഇതുപോലൊരു പ്രമോഷനു വേണ്ടി ഇറങ്ങില്ല. ജനങ്ങളുമായി ഇൻട്രാക്‌ട് ചെയ്യണം. എങ്കിൽ മാത്രമേ പടത്തിന് ഗുണം കിട്ടത്തുള്ളൂ. ഹീറോയിസത്തിലേക്ക് ഇതുവരെ വരാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോൾ എനിക്ക് തന്നെ തോന്നി ഞാൻ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ രസകരമാണെന്ന്. അതുകൊണ്ട് മാത്രമാണ് ഞാൻ ഈ കഥ തിരഞ്ഞെടുത്ത്.

ഞാൻ തന്നെ സംവിധാനം ചെയ്ത് ജനങ്ങളുടെ ഇടയിലേക്കിറക്കാൻ തീരുമാനിച്ചത്. അത് വളരെ മനോഹരമായി ചെയ്തിട്ടുമുണ്ട്. മൂന്ന് അവാർഡുകൾ ഞങ്ങൾ വാങ്ങിച്ചു. പടം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ മൂന്ന് അവാർഡുകൾ കിട്ടിയതുതന്നെ വലിയ കാര്യം’- ഭീമൻ രഘു പറഞ്ഞു.