മോദിയുടെ സഹോദര പുത്രിയ്ക്ക് പോലും മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാന്‍ മടിച്ച്‌ ബി ജെ പി

ന്യൂഡല്‍ഹി: ബിജെപിയുടെ നിലപാട് പലപ്പോഴും തിരഞ്ഞെടുപ്പുകളില്‍ എന്നും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. മോദിയുടെ സഹോദരന്‍ പ്രഹ്ലാദിന്റെ മകളായ സോണലിന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബോഡക്ദേവ് വാര്‍ഡില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ആഗ്രഹം.
ഗുജറാത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രി.

സോണലിനെ കൂടാതെ മറ്റ് ചില ബി ജെ പി നേതാക്കളുടെ അടുത്ത ബന്ധുക്കളും ബിജെപി ടിക്കറ്റിനായി ക്യൂവിലാണ്. സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ മത്സരിപ്പിക്കില്ലെന്ന് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സി ആര്‍ പാട്ടില്‍ അറിയിച്ചു. ഫെബ്രുവരി 21, ഫെബ്രുവരി 28 തീയതികളിലായിട്ടാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഫെബ്രുവരി 21 നും, മുനിസിപ്പാലിറ്റികള്‍, ജില്ലാ പഞ്ചായത്തുകള്‍, താലൂക്ക് പഞ്ചായത്തുകള്‍ എന്നിവയിലേക്കുള്ള പോളിംഗ് ഫെബ്രുവരി 28 നും നടക്കും. ആദ്യ ഘട്ടത്തിലെ ഫലങ്ങള്‍ ഫെബ്രുവരി 23 നും രണ്ടാം ഘട്ടത്തിലേത് മാര്‍ച്ച് 2 നും പ്രഖ്യാപിക്കും.

അതേസമയം കോണ്‍ഗ്രസ് 142 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്നലെ പുറത്തുവിട്ടു. ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസിയുടെ അഖിലേന്ത്യാ മജ്ലിസ്ഇഇറ്റെഹാദുല്‍ മുസ്ലിമീനും അറിയിച്ചിട്ടുണ്ട്.