ശബരിമല സമരത്തിൽ തല്ല് കൊണ്ടത് നമ്മൾ, നേട്ടമുണ്ടാക്കിയത് മറ്റ് ചിലർ; സുരേന്ദ്രൻ

തിരുവനന്തപുരം: എ എൻ ഷംസീറിൻറെ പ്രസംഗത്തോടെ ശബരിമല പ്രക്ഷോഭത്തിന് സമാനമായ അവസരം വന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അമ്മമാർ പ്രക്ഷോഭ രംഗത്തിറങ്ങാൻ തയ്യാറാകണം.

ശബരിമല പ്രക്ഷോഭ സമയത്ത് തല്ല് കൊണ്ടതും ജയിലിൽ പോയതും ബിജെപി പ്രവർത്തകരായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പിൽ മറ്റ് ചിലരാണ് നേട്ടം കൊണ്ടുപോയത്. ഇത്തവണ അങ്ങനെയാവരുതെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് നടന്ന മഹിളാ മോർച്ചാ സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ ഗണപതി മിത്താണെന്ന പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മലക്കംമറിഞ്ഞു. അള്ളാഹുവും ഗണപതിയും മിത്താണെന്ന് പറയേണ്ട കാര്യമില്ലെന്നും അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഷംസീറും ഞാനും ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. പരശുരാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നത് ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ഗോവിന്ദൻ ദില്ലിയിൽ പറഞ്ഞു