ബോട്ട് ഉടമയുടെ സഹോദരനും അയല്‍വാസിയും കൊച്ചിയില്‍ പോലീസ് പിടിയില്‍

മലപ്പുറം. താനൂര്‍ തൂവല്‍തീരത്ത് ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍ ബോട്ട് ഉടമ നാസര്‍ ഒളിവില്‍ തുടരുന്നു. അതേസമയം നാസറിന്റെ സഹോദരനും അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവര്‍ കൊച്ചിയില്‍ പാലാരിവട്ടം പോലീസ് കസ്റ്റഡിയില്‍ എടുത്തു. നാസറിന്റെ മൊബൈല്‍ ഫോണും വാഹനവും ഇവരില്‍ നിന്നും പോലീസ് കണ്ടെത്തി. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

നാസര്‍ വീട്ടിലില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളുടെ വീട്ടില്‍ ആള്‍ക്കാരുണ്ടെങ്കിലും ആരും ഇതുവരെ പുറത്ത് ഇറങ്ങിയിട്ടില്ല. താനൂര്‍ സ്റ്റേഷന് തൊട്ട് സമീപത്താണ് നാസറിന്റെ വീട്. ദീര്‍ഘകാലം വിദേശത്തായിരുന്ന നാസര്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സര്‍വീസ് ആരംഭിച്ചത്. അതേസമയം അപകടത്തില്‍ പെട്ട ബോട്ട് മീന്‍പിടുത്ത ബോട്ടിന് രൂപമാറ്റം വരുത്തിയതാണെന്ന സൂചനയുണ്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ബോട്ട് സര്‍വീസ് നടത്തുകയായിരുന്നു.

ഈ ബോട്ട് സര്‍വീസിനായി എത്തിച്ചപ്പോള്‍ ഇതിന്റെ ഘടന കണ്ട് ഈ ബോട്ട് യാത്ര നടത്തുവാന്‍ ഉപയോഗിക്കരുതെന്ന് മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുവാന്‍ അടിഭാഗം പരന്ന ബോട്ടാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായിരുന്നു.