ബംഗാളിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബേറ്, തൃണമൂൽ ലീഡ് ചെയ്യുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കുന്ന ബൂത്തിന് നേരെ ബോംബേറ്. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെയാണ് ബോംബ് എറിഞ്ഞത്. ആർക്കും അപായമില്ല. . സംഘർഷത്തിൽ ഏർപ്പെടുന്നവർക്ക് വലിയ തിരിച്ചടികൾ ലഭിക്കുമെന്നാണ് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൃണമൂല്‍ പ്രവര്‍ത്തകരാണ് ബോംബേറ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

പ്രതിപക്ഷ ഏജന്റുമാരെ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിലേക്ക് കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കത്വ പോലീസ് സ്റ്റേഷനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കൂടുതൽ സീറ്റുകളിൽ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. ശനിയാഴ്ച നടന്ന പോളിംഗിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് ഇന്നലെ 19 ജില്ലകളിലെ 697 ബൂത്തുകളില്‍ റീപോളിംഗ് നടന്നിരുന്നു.

445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്തു സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. 21 ഗ്രാമപഞ്ചായത്തു സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ കോൺഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല. പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത ബംഗാളിൽ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണു വോട്ടെണ്ണൽ പുരോഗമിക്കുന്നത്. 339 കൗണ്ടിങ് കേന്ദ്രങ്ങളിലും പൊലീസ് വിന്യാസമുണ്ട്.