പാലക്കാട് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി കടന്നല്‍ കുത്തേറ്റ് മരിച്ചു

പാലക്കാട്: ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി കടന്നല്‍ കുത്തേറ്റ് മരിച്ചു. കല്ലടിക്കോടിന് സമീപം കോണിക്കഴി സ്വദേശി കണ്ണന്‍ – ലക്ഷ്‌മി ദമ്ബതികളുടെ മകന്‍ സജിത്ത് (5) ആണ് മരിച്ചത്.

ഞായറാഴ്ച്ചയാണ് സജിത്തിനും അച്ഛന്‍ കണ്ണനും കടന്നല്‍ കുത്തേറ്റത്. അച്ഛന്‍ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വിറക് എടുക്കാന്‍ പോയതായിരുന്നു. വിറക് വെട്ടുന്നതിനിടെ മരത്തിലുണ്ടായിരുന്ന കടന്നല്‍കൂട് ഇളകി. ഇതു കണ്ട് രണ്ടു പേരും ഓടിയെങ്കിലും വലിയ തോതില്‍ കടന്നല്‍ കുത്തേറ്റു. സജിത്തിന്റെ ശരീരം മുഴുവനും കുത്തേറ്റിരുന്നു.

തുടര്‍ന്ന് കല്ലടിക്കോട്ടെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ തിങ്കളാഴ്ച്ച കുട്ടിയുടെ ശരീരം മുഴുവനും നിറം മാറി. ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.