നിയമനക്കോഴ വിവാദം, കേന്ദ്രസർക്കാരിന് പരാതി നൽകി യുവമോർച്ച

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിൽ കേന്ദ്രസർക്കാരിന് പരാതി നൽകി യുവമോർച്ച. നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആയുഷ് മന്ത്രിയ്‌ക്ക് യുവമോർച്ച കത്തയച്ചു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും സ്വജനപക്ഷപാതമാണെന്ന് ആരോപിച്ച യുവമോർച്ച വിശദമായ അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം മെഡിക്കൽ ഓഫീസർ നിയമനത്തിലെ കോഴ വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം സ്വദേശി ഹരിദാസൻ്റെ സുഹൃത്ത് ബാസിത് ഓഗസ്റ്റ് 17ന് മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നല്കിയിട്ടും പൊലീസിന് കൈമാറാൻ വൈകിപ്പിച്ചു. മന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസിന് പരാതി നൽകുന്നത് ഈ മാസം 23ന് മാത്രമാണ്.

ആരോഗ്യമന്ത്രി ഇന്നലെ വിശദീകരിച്ചത് സെപ്റ്റംബർ 13 ന് പരാതി ലഭിച്ചുവെന്നാണ്. പക്ഷെ സെപ്റ്റംബർ 13ന് ഹരിദാസൻ പരാതി അയക്കുന്നതിന് മുമ്പ് ഓഗസ്റ്റ് 17 ന് തന്നെ മന്ത്രിയുടെ ഓഫീസിൽ കോഴക്കാര്യം അറിഞ്ഞിരുന്നു. ഹരിദാസന്‍റെ സുഹൃത്തും എഐഎസ്എഫ് നേതാവുമായ ബാസിതാണ് നേരിട്ട് ഓഫീസിലെത്തി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് സംസാരിക്കുന്നത്. പക്ഷെ ഈ പരാതിയിൽ മന്ത്രിയുടെ ഓഫീസ് ഉടൻ ഒന്നും ചെയ്തില്ല. സെപ്റ്റംബർ 13നാണ് ഹരിദാസൻ പിന്നെ മന്ത്രിക്ക് പരാതി അയക്കുന്നത്. ഈ പരാതിയാകട്ടെ നേരിട്ട് ഇതുവരെ പൊലീസിന് കൈമാറിയിട്ടുമില്ല.

ഹരിദാസൻ്റെ പരാതിയിൽ പണം വാങ്ങിയെന്ന് പറയുന്ന പേഴ്സൽ സ്റ്റാഫ് അഖിൽ മാത്യു ഈ മാസം 23 നാണ് പൊലീസിന് പരാതി നൽകുന്നത്. ആ പരാതിയിൽ മാത്രമാണിപ്പോൾ കൻ്റോൺമെൻ്റ് പൊലീസിൻ്റെ അന്വേഷണം. ഈ പരാതിയില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. ഹരിദാസന്‍റെ പരാതി അതേ പടി വിശ്വസിക്കാൻ കഴിയാത്തത് കൊണ്ടാണ് പൊലീസിന് കൈമാറാത്തതെന്നാണ് മന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം.