ടാങ്കര്‍ ലോറി ഓടിച്ച് മനസ്സമ്മതത്തിന് എത്തി നവവധു, തൊട്ടരികില്‍ വരന്‍ ; സംഭവം വൈറൽ

കാഞ്ഞാണി: ഇന്ന് സ്ത്രീകൾ കീഴടക്കാത്തതായി ഒന്നും തന്നെയില്ല. പരിധികൾ എന്ന മായാവല ഇന്ന് അവളുടെ മുന്നിൽ ഇല്ല. ഒരു പുരുഷനില്ലാത്ത ഒരു പരിധിയും ഒരു സ്ത്രീക്കും ഇല്ല. ഇതിന്റെ ഉത്തമ ഉദാഹരണമാണ് കാഞ്ഞാണിയിലെ ഈ കാഴ്ച്ച. കാരമുക്കിലെ കുറ്റൂക്കാരന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ മനസ്സമ്മതക്കല്യാണ വേദിയ്ക്കരികിലേക്ക് ടാങ്കര്‍ ലോറിയെത്തി. അതിലെ ഡ്രൈവർ സീറ്റിൽ നിന്ന് ഇറങ്ങിയതാകട്ടെ വധുവും തൊട്ടപ്പുറത്തെ സീറ്റിലാകട്ടെ വരനും.

കണ്ടു നിന്നവർക്കാകട്ടെ ടാങ്കര്‍ ലോറി ഓടിച്ചെത്തിയ വധുവിനെ കണ്ട് അത്ഭുതവും. പിന്നെ വാദ്യഘോഷത്തോടെ സ്വീകരണം. കാരമുക്ക് പള്ളിക്കുന്നത്ത് ഡെലീഷ്യയാണ് വരന്‍ ഹാന്‍സണെ ലോറിക്യാബിനിലിരുത്തി മനസ്സമ്മത വിരുന്നിലേക്കെത്തിയത്. ടാങ്കര്‍ ലോറി ഓടിച്ച് വാര്‍ത്തകളിലിടം പിടിച്ച ഈ എം.കോം.കാരി ദുബായില്‍ 18 ചക്രമുള്ള ടാങ്കറിന്റെ ഡ്രൈവറാണ്. വരന്‍ കാഞ്ഞിരപ്പിള്ളി സ്വദേശി ഹാന്‍സണ്‍ ജര്‍മ്മനിയില്‍ 10 ചക്രമുള്ള വാഹനമാണ് ഓടിക്കുന്നത്.

എം.കോം. കാരിയായ പെണ്‍കുട്ടി ടാങ്കര്‍ ഓടിക്കുന്ന വാര്‍ത്ത കണ്ട് ദുബായിലെ കമ്പനിയാണ് ഡെലീഷ്യയ്ക്ക് ജോലി നല്‍കിയത്. വിവാഹ പരസ്യം കണ്ടെത്തിയ ഹാന്‍സണോട് ടാങ്കര്‍ ലോറി ഓടിക്കുന്നത് തുടരാനനുവദിക്കുന്നയാളെ വിവാഹം കഴിക്കുമെന്നാണ് ഡെലീഷ്യ പറഞ്ഞത്. ഹാന്‍സണ്‍ വിരോധമില്ലെന്ന് പറഞ്ഞതോടെ രണ്ടു കുടുംബങ്ങളും ചേര്‍ന്ന് വിവാഹം തീരുമാനിക്കുകയായിരുന്നു.