സർക്കാർ വാക്ക് പാലിച്ചില്ല; ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ

ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ. വാഗ്ദാനങ്ങൾ നൽകിയിട്ട് സർക്കാർ അത് പാലിക്കാത്ത സാഹചര്യത്തിൽ ഈ മാസം 21 മുതൽ വീണ്ടും സമരം നടത്തുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. കഴിഞ്ഞ മാസം എട്ട് മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാരിന് വേണ്ടി ഗതാഗത മന്ത്രി ഇടപെട്ട് സമവായ ചർച്ചകൾ നടത്തിയതോടെ ബസ് ഉടമകൾ സമരത്തിൽ നിന്ന് പിന്മാറി. 18ാം തിയതിയ്‌ക്കുള്ളിൽ ആവശ്യങ്ങൾ എല്ലാം പരിഗണിച്ച് പരിഹാരം ഉണ്ടാക്കാമെന്നാണ് മന്ത്രി വാഗ്ദാനം നൽകിയത്. എന്നാൽ വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകൾ ആരോപിച്ചു.

മിനിമം ചാർജ് 12 രൂപയും വിദ്യാർത്ഥികളുടെ നിരക്ക് 6 രൂപയുമാക്കണമെന്നാണ് ആവശ്യം. ബസ് ഉടമ സംയുക്ത സമിതി യോഗത്തിന്റേതാണ് തീരുമാനം. കിലോമീറ്ററിന് ഒരു രൂപയെന്ന നിരക്കിലാണ് സ്വകാര്യ ബസ് ഉടമകൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ പറയുന്നത്. ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ചാർജ് വർധനവ് ഇല്ലാതെ ബസ് ചാർജ് വർധനവ് വേണ്ടെന്ന നിലപാടിലാണ് ബസുടമകൾ.

ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. ബസ് ചാർജ് വർധനയിൽ വിദ്യാർഥികൾക്കടക്കം ആശങ്കയുണ്ട്. ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് രാമചന്ദ്രൻ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തണമെന്നും ഗതാഗത മന്ത്രി അറിയിച്ചു. വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.