കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതില്‍ ട്വിറ്റര്‍ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് ശശി തരൂര്‍

കേന്ദ്ര വിവര സാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് സംഭവത്തില്‍ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശി തരൂര്‍. രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒരു മണിക്കൂര്‍ നേരത്തേയ്ക്കാണ് ബ്ലോക്ക് ചെയ്തത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കാനായില്ലെന്ന് മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. തനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തെ തന്റെ അക്കൗണ്ടും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. റാസ്പുടിന്‍ വൈറല്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മന്ത്രി യുഎസ് ഡിജിറ്റല്‍ പകര്‍പ്പവകാശം ലംഘിച്ചതിനാലാണ് ബ്ലോക്ക് ചെയ്തതെന്നാണ് ട്വിറ്റര്‍ നല്‍കിയ വിശദീകരണം. അക്കൗണ്ട് തിരികെ ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രിയും എത്തിയിരുന്നു. ട്വിറ്റര്‍ അവകാശപ്പെടുന്നത് പോലെ അവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ അല്ലെന്നാണ് ഈ നടപടി വ്യക്തമാക്കുന്നതെന്നാണ് മന്ത്രി പ്രതികരിച്ചത്. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. കേന്ദ്ര ഐടി ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ട്വിറ്ററിന് നല്‍കുന്ന നിയമ പരിരക്ഷ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.