ബാങ്ക് മാനേജർ റിജിലിനെതിരെ വീണ്ടും പരാതി; സുരക്ഷാ സംവിധാനം ഹാക്ക് ചെയ്ത് 18 ലക്ഷം തട്ടി

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിലെ പണം തട്ടിയ കേസിലെ പ്രതിയായ ബാങ്ക് മാനേജർ റിജിലിനെതിരെ വീണ്ടും പരാതി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ നിന്ന് ഇയാൾ 18 ലക്ഷം രൂപ തട്ടിയെടുത്തയാണ് പരാതി. തട്ടിപ്പ് മുൻ സീനിയർ മാനേജർ എം.പി. റിജിൽ ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് പി.എന്‍.ബി ചെന്നൈ സോണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലെ പ്രാഥമിക നിഗമനം. തുടർന്ന് ബാങ്ക് അധികൃതർ ണ് കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നൽകി.

റിജില്‍ ജോലിയില്‍ കയറി ഏഴു വര്‍ഷം കൊണ്ടാണ് സീനിയര്‍ മാനേജര്‍ തസ്തികയില്‍ എത്തിയത്. ഇയാളെ അടുത്ത പ്രമോഷന് പരിഗണിക്കാനിരിക്കെയാണ് തട്ടിപ്പ് പുറത്തായത്. ബാങ്കില്‍നിന്ന് തുക ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന മേയ്ക്കര്‍ ചെക്കര്‍ സംവിധാനം ഒഴിവാക്കിയാണ് റിജില്‍ പണം പിന്‍വലിച്ചത്.

പണം പിന്‍വലിക്കാന്‍ നിക്ഷേതാവ് റിക്വസ്റ്റ് നല്‍കിയാല്‍ അത് ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ പരിശോധിക്കുകയും മറ്റൊരാള്‍ വെരിഫൈ ചെയ്യുകയും വേണം. ഈ രണ്ട് ഉദ്യോഗസ്ഥര്‍ക്കും പോകേണ്ടുന്ന സെക്യൂരിറ്റി കോഡ് ഹാക്ക് ചെയ്താണ് റിജില്‍ ഇത്രയും തുക തട്ടിയെടുത്തതെന്ന് ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി.

കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 15.24 കോടി രൂപ രണ്ട് ദിവസത്തിനകം തിരിച്ച് നല്‍കാമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാങ്കില്‍ എത്തുന്ന മറ്റ് പരാതികളിലും ബാങ്ക് പരിശോധന നടത്തും. ബാങ്കിന്റെ അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐയുടെ കൊച്ചി യൂണിറ്റില്‍ ഉടന്‍ സമര്‍പ്പിക്കും. മൂന്ന് കോടി രൂപയിലധികം തുക പൊതുമേഖലാ ബാങ്കില്‍ നിന്ന് നഷ്ടമായാല്‍ സി.ബി.ഐക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന ചട്ടം പാലിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.