യൂണിയൻ തിരഞ്ഞെടുപ്പിനിടെ വിദ്യാർഥിസംഘർഷം; മൂന്നു പോലീസുകാർക്കും അഞ്ച് വിദ്യാർഥികൾക്കും പരിക്ക്

മേപ്പാടി: മേപ്പാടി ഗവ. പോളിടെക്നിക്ക് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ വിദ്യാർഥിസംഘർഷം. മേപ്പാടി ഇൻസ്പെക്ടർ എ.ബി. വിപിൻ ഉൾപ്പെടെ മൂന്നു പോലീസുകാർക്കും അഞ്ച് വിദ്യാർഥികൾക്കും പരിക്കേറ്റു. എസ്.എഫ്.ഐ. ജില്ലാ ജോയന്റ് സെക്രട്ടറി അപർണാ ഗൗരിക്ക് (24) മർദനത്തിൽ സാരമായി പരിക്കേറ്റു.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഘർഷം തുടങ്ങിയത്. മേപ്പാടി പോലീസെത്തി ലാത്തിവീശിയാണ് സംഘർഷം അവസാനിപ്പിച്ചത്. ഇതിനിടെയാണ് പോലീസുകാരെ വിദ്യാർഥികൾ മർദിച്ചത്. ഇൻസ്പെക്ടർ എ.ബി. വിപിന് മുഖത്താണ് പരിക്കേറ്റത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കോളേജിലെത്തിയപ്പോഴാണ് അപർണാ ഗൗരിക്ക് മർദനമേറ്റതെന്ന് എസ്.എഫ്.ഐ. പറയുന്നു. അപർണയ്ക്ക് തലയ്ക്കും നെഞ്ചിനുമാണ് മർദനമേറ്റത്.

മയക്കുമരുന്ന് മാഫിയയാണ് അപർണയെ ആക്രമിച്ചതെന്നും മുടിക്ക് കുത്തിപ്പിടിച്ച് മതിലിനോട് ചേർത്തുനിർത്തി മർദിച്ചെന്നും എസ്.എഫ്.ഐ. ആരോപിച്ചു. അപർണ മേപ്പാടിയിലെ വിംസ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥികളായ വിഷ്ണു(20), ശരത്(22), അശ്വിൻ(23) എന്നിവരും വിംസിൽ ചികിത്സയിലാണ്. അതേസമയം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേതന്നെ കോളേജിൽ സംഘർഷവും തുടങ്ങിയിരുന്നു. വിദ്യാർഥികൾ ചേരിതിരിഞ്ഞ് അടിതുടങ്ങിയതോടെയാണ് പോലീസ് ലാത്തിവീശിയത്. ഇതിനുമുമ്പും കോളേജിൽ വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. കോളേജിൽ ലഹരിയെത്തിക്കുന്നതുമായി ബന്ധപ്പെട്ടും വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. മൂന്നുമണിക്ക് തുടങ്ങിയ സംഘർഷം നാലരവരെ നീണ്ടു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കല്പറ്റ, വൈത്തിരി, പടിഞ്ഞാറത്തറ സ്റ്റേഷനുകളിൽനിന്നായി കൂടുതൽ പോലീസുകാർ കോളേജിലെത്തി.

മേപ്പാടി പോളിടെക്നിക്ക് കോളേജിലെ പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത്‍ലീഗ് കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. എസ്.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗം കാമ്പസിനകത്ത് കയറി വിദ്യാർഥികൾക്കെതിരേ അക്രമം നടത്തിയപ്പോൾ പോലീസ് കാഴ്ചക്കാരായി നോക്കിനിന്നെന്നും യൂത്ത് ലീഗ് ആരോപിച്ചു. അതേസമയം മേപ്പാടി പോളിടെക്നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫിന് അട്ടിമറിവിജയം നേടി. എസ്.എഫ്.ഐ. ഭരിച്ചിരുന്ന കോളേജിൽ ഏഴിൽ ആറുസീറ്റും നേടിയാണ് ഇത്തവണ യു.ഡി.എസ്.എഫ്. യൂണിയൻ പിടിച്ചെടുത്തത്.