മാത്യുകുഴല്‍നാടന്റെ ബിനാമിയാണ് ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് , അന്വേഷണം നടത്തിയാല്‍ കപടതയുടെ രാഷ്ട്രീയരൂപം പുറത്തുവരും, സി.വി. വര്‍ഗീസ്

തൊടുപുഴ. മെമ്പര്‍മാരെ കാശുകൊടുത്ത് മേടിച്ച് പഞ്ചായത്ത് കൈയ്യടക്കിവെച്ചിരിക്കുന്നു. ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു കുഴല്‍നാടന്റെ ബിനാമി. മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടനെതിരെ കടുത്ത ആരോപണവുമായി സി.പി.എം. ഇടുക്കി ജില്ലാസെക്രട്ടറി സി.വി. വര്‍ഗീസ്. മാത്യു കുഴല്‍നാടൻ കപടതയുടെ രാഷ്ട്രീയരൂപമെന്നും അന്വേഷണം നടത്തിയാല്‍ കൂടുതല്‍ കള്ളത്തരങ്ങള്‍ പുറത്തുവരുമെന്നും വര്‍ഗീസ് ആരോപിച്ചു.

‘പഞ്ചായത്താണ് നികുതി പിരിക്കേണ്ടത്. പഞ്ചായത്ത് കോണ്‍ഗ്രസിന്റേതല്ലേ. ചിന്നക്കനാല്‍ പഞ്ചായത്ത് മാത്യു കുഴല്‍നാടന്റെ സ്‌പോണ്‍സേഡ് സംവിധാനമല്ലേ. പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തിന്റെ ബിനാമിയല്ലേ?’, വര്‍ഗീസ് ചോദിച്ചു.

കഴിഞ്ഞ അഞ്ച് മാസമായി മാത്യു കുഴല്‍നാടന്റെ ‘കപ്പിത്താന്‍ ബംഗ്ലാവ്’ എന്ന റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഹോം സ്റ്റേ ലൈസന്‍സിനായി ചിന്നക്കനാല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നു.