നാളെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക ; ജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കളക്ടർ രേണു രാജ്

എറണാകുളം : ബ്രഹ്‌മപുരത്തെ തീപിടുത്തത്തെ തുടർന്ന് കൊച്ചിയിലെ അന്തരീക്ഷം പുകകൊണ്ട് നിറഞ്ഞ അവസ്ഥയാണ്. കൊച്ചിയിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് എറണാകുളം കളക്ടർ രേണു രാജ്. നാളെ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങണമെന്നും അത്യാവശ്യമല്ലാത്ത കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

എന്നാൽ കടകൾ പൂട്ടിയിടാൻ കർശന നിർദേശം നൽകുന്നില്ലെന്നും, ജനങ്ങൾ സഹകരിക്കന്നമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. ബ്രഹ്‌മപുരത്തെ തീയണയ്‌ക്കാൻ ശ്രമം ഇപ്പോഴും തുടരുകയാണ്. ശക്തിയേറിയ മോട്ടറുകൾ എത്തിച്ച് സമീപത്തെ പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്യും. അഗ്നിരക്ഷാസേന തന്നെ ശ്രമം തുടരണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്.

നാളെ വൈകുന്നേരത്തോടെ തീ നിയന്ത്രണ വിധേയമാക്കുമെന്നും കളക്ടർ പറഞ്ഞു. 20 ഫയർഫോഴ്‌സ് യൂണിറ്റിനു പുറമേ കൂടുതൽ യൂണിറ്റുകൾ ഉപയോഗിക്കുമെന്നും കളക്ടർ അറിയിച്ചു. ബ്രഹ്‌മപുരത്ത് ഓക്‌സിജൻ കിയോസ്‌കുകൾ സ്ഥാപിക്കും. ആശുപത്രികളിലും പ്രത്യേക സംവിധാനമൊരുക്കും. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ വ്യക്തമാക്കി.