നല്ലൊരു നടി ആയിരുന്നു ഇപ്പോള്‍ ഈ ഗതി വന്നല്ലോ, നിമിഷ സജയനെതിരെ വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയന്‍. ചുരുങ്ങിയ കാലത്തിനിടയ്ക്ക് ശക്തമായ പല കഥാപാത്രങ്ങളിലൂടെയും നിമിഷ മലയാളികളുടെ മനസില്‍ ഇടം നേടി. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രമായി എത്തിയ ദിലീഷ് പോത്തന്‍ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നിമിഷ തിളങ്ങി. ശക്തവും വ്യത്യസ്തവുമായ ഒരുപിടി കഥാപാത്രങ്ങള്‍ നിമിഷ അവതരിപ്പിച്ചു.

വ്യത്യസ്ത അഭിനയത്തിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുന്‍നിര നായികമാര്‍ക്ക് ഇടയില്‍ സ്ഥാനം നേടാന്‍ നിമിഷക്ക് സാധിച്ചു. ചോല എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നിമിഷയെ തേടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് നടി. യാത്രകളും താരം ഏറെ ഇഷ്ടപ്പെടുന്നുണ്ട്. യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങളും മറ്റും നിമിഷ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ നിമിഷ പങ്കുവെച്ച ഒരു ചിത്രത്തിന് നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഓറഞ്ച് ടോപ്പിനൊപ്പം ജീന്‍സ് ധരിച്ച ചിത്രമാണ് നടി പങ്കുവെച്ചത്. ജീന്‍സ് കാല്‍ മുട്ട് മുതല്‍ മുകളിലേക്ക് കീറി കാലുകള്‍ കാണാവുന്ന നിലയിലാണ്. ഇതാണ് ചില സദാചാരവാദികളെ ചൊടിപ്പിച്ചത്. ആരെങ്കിലും ഈ കുട്ടിക്ക് നല്ലൊരു വസ്ത്രം വാങ്ങി നല്‍കണേ, ഇത്രയും കാലത്തിന് ഇടയ്ക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാര്‍ക്ക് പോലും കണ്ടില്ലല്ലോ, നല്ലൊരു നടി ആയിരുന്നു ഇപ്പോള്‍ ഈ ഗതി വന്നല്ലോ, മേക്കപ്പും ചെയ്യില്ല മര്യാദയ്ക്ക് വസ്ത്രം ധരിക്കാറില്ല, എന്നിങ്ങനെ നിരവധി കമന്റുകള്‍ ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ കമന്റുകള്‍ക്ക് ഒന്നും നിമിഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.