കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചയാളുടെ രണ്ട് വയസ്സുള്ള‌ മകള്‍ക്ക് ഒന്നര കോടി നഷ്ടപരിഹാരം

കൊച്ചി: ലോകത്തെ തന്നെ നടുക്കിയ ഒന്നായിരുന്നു കരിപ്പൂര്‍ വിമാന ദുരന്തം. ഓഗസ്റ്റ് ഏഴാം തീയതിയായിരുന്നു ദുബായില്‍ നിന്നും എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് വീണത്. ആ ദുരനന്തത്തില്‍ മരിച്ചയാളുടെ രണ്ട് വയസ്സുള്‌ള മകള്‍ക്ക് എയര്‍ ഇന്ത്യ ഒന്നര കോടി രൂപ നഷ്ടപരിഹാരമായി നല്‍കും. അപകടത്തില്‍ മരണമടഞ്ഞ കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകള്‍ക്കാണ് 1.51 കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ കമ്പനി ഹൈക്കോടതിയെ അറിയിച്ചത്. എത്രയും പെട്ടെന്ന് തുക കൈമാറണമെന്ന് ഷറഫുദ്ദീന്റെ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നല്‍കിയ ഹരജി തീര്‍പ്പാക്കി ജസ്റ്റിസ് എന്‍. നഗരേഷ് ഉത്തരവിട്ടു.

മരിച്ചയാളുടെയും ഭാര്യയുടെയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂര്‍ണ രേഖകള്‍ ലഭിച്ച ശേഷം ഇക്കാര്യത്തിലും തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. വിമാനാപകട ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടെന്നും. ഇത് പ്രഖ്യാപിക്കുകയും ഇനുവദിച്ച് ഉത്തരവ് ഇടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.

തകര്‍ന്ന വിമാനത്തില്‍ ഷറഫുദ്ദീനൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യയ്ക്കും മകള്‍ക്കും അപകടത്തില്‍ പരുക്ക് പറ്റിയിരുന്നു. ഹരജിക്കാര്‍ക്ക് അന്തര്‍ ദേശീയ സ്റ്റാന്‍ഡേര്‍ഡ് പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നല്‍കാന്‍ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേരത്തേ ഹരജി പരിഗണിക്കവേ ഹരജിക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാറും എയര്‍ ഇന്ത്യയും (നാഷനല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ഇതോടെ ക്ലെയിം ഫോറം ഉടന്‍ നല്‍കുമെന്ന് ഹരജിക്കാരും അറിയിച്ചു.

ഇതോടെ എത്രയും വേഗം അപേക്ഷ നല്‍കാനും പരിഗണിച്ച് നല്‍കാമെന്ന് കരുതുന്ന തുക വ്യക്തമാക്കാനും കോടി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം കുട്ടിക്ക് 1,51,08,234 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് വിമാനക്കമ്പനി വ്യക്തമാക്കിയത്. ആവശ്യമായ രേഖകള്‍ ലഭിക്കുമ്പോള്‍ സഹഹരജിക്കാര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാനും അനുവദിക്കുന്ന തുകയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ ഹരജിക്കാര്‍ക്ക് ഹൈകോടതിയെ അടക്കം ഉചിതഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹരജി തീര്‍പ്പാക്കിയത്.