ബ്രജ്മണ്ഡല യാത്രയ്‌ക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം, ഹരിയാനയിൽ വർഗീയ സംഘർഷം, 2500 പേർ ക്ഷേത്രത്തിൽ അഭയം തേടി

ചണ്ഡീഗഡ് : ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തും മാതൃശക്തി ദുർഗാ വാഹിനിയും ചേർന്ന് നടത്തുന്ന ബ്രജ്മണ്ഡല യാത്രയ്‌ക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം . മൂന്ന് ഡസനിലധികം വാഹനങ്ങൾ കത്തിച്ചു. പോലീസിന് നേരെയും കല്ലേറുണ്ടായി. സംഘർഷം കനത്തതോടെ ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ 2500-ഓളം പേർ ആരാധനാലയത്തിൽ അഭയം തേടി. സ്ത്രീകളും കുട്ടികളും ഇക്കൂട്ടത്തിൽപ്പെടുന്നു. ഇവരെ പുറത്തെത്തിക്കാൻ പൊലീസിനായിട്ടില്ല.

സംഘർഷത്തിൽ 20പേർക്ക് പരിക്കേറ്റതായാണ് വിവരം. പൊലീസ് നടപടിയിൽ ഒരാൾക്ക് വെടിയേറ്റിട്ടുണ്ട്.
ഗുരുഗ്രാം-ആൾവാർ ദേശീയപാതയിൽ വെച്ച് ഒരു സംഘം യുവാക്കൾ ഘോഷയാത്ര തടയുകയായിരുന്നു. പിന്നാലെ പരസ്പരം കല്ലേറുണ്ടാവുകയും അക്രമികൾ വാഹനത്തിന് തീയിടുകയും ചെയ്തു. സംഘർഷത്തിന് അയവ് വരാതായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേയ്ക്ക് വെടിയുതിർക്കുകയും ചെയ്തു.

രണ്ട് വിഭാഗക്കാർ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സ്ഥിതിഗതികൾ നേരിടാൻ നോഹ ജില്ലാ ഭരണകൂടം മറ്റ് ജില്ലകളിൽ നിന്ന് പോലീസ് സേനയെ വിളിക്കുകയും ജില്ലയിലുടനീളം സെക്ഷൻ 144 ഏർപ്പെടുത്തുകയും ഓഗസ്റ്റ് 2 വരെ ജില്ലാ അതിർത്തികൾ അടക്കുകയും ചെയ്തു. നോഹയുടെ നൽഹദ് ശിവക്ഷേത്രത്തിന് ചുറ്റും ഇപ്പോഴും നിരവധി അക്രമികൾ തടിച്ചുകൂടിയിരിക്കുകയാണ്. കല്ലേറിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഈ ശിവക്ഷേത്രത്തിൽ രണ്ടായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായും അവരിൽ ഭൂരിഭാഗവും സ്ത്രീകളുമാണെന്നും റിപ്പോർട്ടുണ്ട് .