കോടതിവിധി തീവ്രവാദികളെ സംരക്ഷിച്ചവർക്കേറ്റ പ്രഹരം, എംഎ ബേബി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്. പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ പ്രതികളെ ശിക്ഷിച്ചത് തീവ്രവാദികളെ സംരക്ഷിച്ചവര്‍ക്കുള്ള പ്രഹരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ടിജെ ജോസഫിനെ അന്ന് പ്രതിപക്ഷവും ഭരണ പകക്ഷനവും ചേര്‍ന്ന് തീവ്രവാദികള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. അധ്യാപകന്റെ കൈവെട്ടിയതിലൂടെ പ്രതികൾ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കോടതി പറഞ്ഞു.

കോടതിയുടെ കണ്ടെത്തലുകള്‍ ബിജെപിയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് മാഷിന്റേത് കേരളത്തില്‍ നടന്ന ആദ്യ താലീബാന്‍ മോഡല്‍ അക്രമണമായിരുന്നുവെന്നും കേസ് എന്‍ഐഎ അന്വേഷിച്ചത് കൊണ്ടാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതികളെ രക്ഷിക്കുവാനാണ് പോലീസ് ശ്രമിച്ചത്.

സിപിഎം നേതാവ് എംഎ ബേബി നടത്തിയ പരാമര്‍ശങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ഭീകരപ്രവര്‍ത്തനം നടത്തുവാന്‍ കരുത്ത് പകരുന്നതായിരുന്നുവെന്നും പോലീസ് മോശമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എംഎ ബേബി അന്ന് എടുത്ത സമീപനത്തോട് ഇനിയെങ്കിലും മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.