മരണം 40855, നഷ്ടപരിഹാരം 548 പേര്‍ക്ക് മാത്രം; കേരളത്തിലെ അവസ്ഥ പരിതാപകരം- സുപ്രീംകോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്ന കാര്യത്തിൽ കേരളത്തിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി. കൊവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് ക്ഷേമ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 40000 ത്തിലധികം പേർ മരിച്ചെങ്കിലും നഷ്ടപരിഹാരം വിതരണം ചെയ്‍തത് 548 പേർക്ക് മാത്രമാണെന്നും സുപ്രിംകോടതി വിമർശിച്ചു.

അപേക്ഷ നൽകിയവർക്ക് ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം നല്‍കാന്‍ നടപടി എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ചയുണ്ടായാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സഹായം നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ക്ഷേമരാഷ്ട്രം എന്ന നിലയില്‍ അര്‍ഹതപെട്ടവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ച്ചയയ്ക്കുള്ളില്‍ അപേക്ഷിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. ഗുജറാത്ത് മാതൃകയില്‍ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാധ്യമങ്ങളിലൂടെ നല്‍കാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് വിതരണം ചെയ്ത നഷ്ടപരിഹാരത്തെ സംബന്ധിച്ച പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.