32423 ആണിയിൽ 100 കിലോയുടെ സുരേഷ് ഗോപി ശില്പം, വിളിച്ച് അഭിനന്ദിച്ച് സുരേഷ് ​ഗോപി, നേരിട്ട് കാണാമെന്ന് ഉറപ്പും നൽകി

സുമനസ്സുകൾക്ക് എപ്പോഴും സഹായഹസ്തമാകുന്ന നടനും എംപിയുമായ സുരേഷ് ​ഗോപിയുടെ ചിത്രം 32,423 സ്‌ക്രൂ ആണികൾ ഉപയോഗിച്ച് നിർമ്മിച്ച് ചിത്രകാരനായ നിശാന്ത് (ടുട്ടുമോൻ). തൻറെ ചിത്രം കണ്ട സുരേഷ് ഗോപി ഫോണിലൂടെ വിളിക്കുകയും അഭിന്ദനം അറിയിക്കുകയും ചെയ്തിരുന്നു. സുരേഷ് ​ഗോപി സാർ നേരിട്ടു വിളിച്ചപ്പോൾ അവാർഡു കിട്ടിയതുപോലെ തന്നെ സന്തോഷമായി, നേരിട്ടു കാണാമെന്ന് ആ​ഗ്രഹമുണ്ടപ്പോൾ ഉടനെ കാണാമെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. മോദിയുടെയും കമൽ ഹാസിന്റെയും ചിത്രങ്ങൾ വരച്ചുവെക്കണമെന്നും സുരേഷ് ​ഗോപി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഇപ്പോൾ അതിന്റെ പണിപ്പുരയിലാണെന്നും ടുട്ടുമോൻ കർമ ന്യൂസിനോട് പറഞ്ഞു

പെയിൻറിങ് തൊഴിലാളിയായിരുന്ന നിശാന്തിന് ഏഴ് വർഷങ്ങൾക്ക് മുൻപ് ജോലിയ്ക്കിടെ അപകടം സംഭവിച്ചിരുന്നു. കെട്ടിടത്തിന് മുകളിൽ നിന്നു താഴേയ്ക്ക് വീണതിനെ തുടർന്ന് നട്ടെല്ലിന് പരുക്കേറ്റു. രണ്ട് വർഷത്തോളം അരയ്ക്ക് താഴേയ്ക്ക് പൂർണമായും തളർന്ന് കിടപ്പിലായിരുന്നു. അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിൻറെ ഏക ആശ്രയം ഈ യുവാവാണ്. ജീവസുറ്റ ചിത്രങ്ങൾ വരച്ച് അതിലൂടെ ലഭിക്കുന്ന ചെറിയ വരുമാനത്തിലൂടെയും യൂടൂബ് ചാനലിലൂടെയും ലോട്ടറി വിൽപ്പനയിലൂടെയും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബ ചെലവ് കണ്ടെത്തുന്നത്.

നാലടി ഉയരവും നാല് അടി വീതിയുമുള്ള ചിത്രത്തിന് 100 കിലോയോളം ഭാരമുള്ള സുരേഷ് ​ഗോപിയുടെ ചിത്രത്തിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. സ്‌ക്രൂ ക്യാൻവാസിൽ ഒരുക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലാണ് ഇത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്. ഒറ്റനോട്ടത്തിൽ കറുപ്പും വെള്ളയും നിറങ്ങൾ ഉപയോഗിച്ച് ഒരുക്കിയ സുരേഷ് ഗോപി ചിത്രം എന്നാണ് തോന്നുക. എന്നാൽ ആയിരകണക്കിന് സ്‌ക്രൂകൾ കൃത്യമായി ചേർത്ത് വച്ച് ഒരുക്കിയിരിക്കുന്ന സൃഷ്ടിയാണിത്. 20 ദിവസങ്ങൾ കൊണ്ടാണ് ടുട്ടുമോൻ ചിത്രം പൂർത്തിയാക്കിയത്.