ഷംസീർ വിഷയത്തിൽ യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കി, കെ.സുരേന്ദ്രൻ

കൊച്ചി : ഹിന്ദുമത വികാരത്തെ വൃണപ്പെടുത്തി സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കാക്ക ചത്താൽ പോലും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുന്ന പ്രതിപക്ഷം ഇക്കാര്യത്തിൽ അതിന് തയ്യാറാകാത്തത് വോട്ടുബാങ്ക് താത്പര്യം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

ആലുയിലെ അഞ്ചുവയസ്സുകാരിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് എഎൻ രാധാകൃഷ്ണൻ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംസീറിനെതിരെ ഞങ്ങൾ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കെ.സുധാകരൻ പറഞ്ഞത്. ഇതാണോ കോൺഗ്രസിന്റെ ശക്തമായ നടപടി? ഇങ്ങനെ മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളായിരുന്നു അധിക്ഷേപത്തിന് ഇരയായിരുന്നതെങ്കിൽ യുഡിഎഫ് മിണ്ടാതിരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ഹിന്ദുക്കളുടെ മേൽ കുതിരകയറാൻ ആർക്കും അവകാശമുണ്ടെന്നാണ് കോൺഗ്രസ് കരുതുന്നത്. ഷംസീർ മാപ്പ് പറയുന്നത് വരെ ബിജെപി ശക്തമായ പ്രതിഷേധം തുടരും, സുരേന്ദ്രൻ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാനുള്ള ഒരു സംവിധാനവും പോലീസിനില്ല. പ്രതിവർഷം 5,000 കോടിയിലധികം രൂപയുടെ മയക്കുമരുന്നുകളാണ് കേരളത്തിലേക്ക് വരുന്നത്. ഇത് എങ്ങോട്ടാണ് വരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നില്ല. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക പൊലീസ് സ്റ്റേഷനുകൾ വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുകയുണ്ടായി.

കേരളത്തിൽ വേണ്ടത് യുപി മോ‍ഡൽ പൊലീസ് സംവിധാനം ആണ്. യോഗി ആദിത്യനാഥ് സർക്കാർ എല്ലാ ഗുണ്ടകളെയും മാഫിയകളെയും അടിച്ചമർത്തി. കുറ്റകൃത്യങ്ങളിൽ ഏറ്റവും മുമ്പിലുള്ള സംസ്ഥാനമായിരുന്ന യുപി ഇന്ന് ക്രൈം റേറ്റിൽ ഏറ്റവും പിന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ രീതി കേരളത്തിലും കൊണ്ടുവന്നാൽ കരമായ മാറ്റം ഉണ്ടാകുമെന്നത് ഉറപ്പാണ്.