ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്കു വിട്ട മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ സിപിഎം

ന്യൂഡൽഹി ∙ ഭരണരീതി പഠിക്കാൻ ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്കു വിട്ട മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്. ബിജെപിക്കു രാഷ്ട്രീയ മുതലെടുപ്പിന് അവസരമുണ്ടാക്കിയെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സംസ്ഥാനത്തെ നേതാക്കളോടു വ്യക്തമാക്കിയെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

മുഖ്യമന്ത്രി വിദേശത്തായതിനാൽ‍ വിഷയം അദ്ദേഹവുമായി ചർച്ച ചെയ്യാൻ സാധിച്ചില്ലെന്നാണത്രേ കേരളത്തിൽനിന്ന് കേന്ദ്ര നേതൃത്വത്തിനു ലഭിച്ച മറുപടി. എന്നാൽ, ഗുജറാത്ത് മോഡലായ വർഗീയ കലാപവും ബുൾഡോസർ പ്രയോഗവുമല്ല, പദ്ധതി നടത്തിപ്പു നിരീക്ഷിക്കുന്ന ഡാഷ്ബോർഡ് സംവിധാനം പഠിക്കാനാണ് ഉദ്യോഗസ്ഥരെ വിട്ടതെന്ന് മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.

എന്നാൽ, കേരളത്തിലെ ഭരണമാണ് മോദി ഭരണത്തിനു ദേശീയ ബദലെന്ന് കണ്ണൂർ പാർ‍ട്ടി കോൺഗ്രസിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് യാത്രയെന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി കോൺഗ്രസിലെ പ്രസംഗത്തിൽ മുഖ്യമന്ത്രി, പ്രധാനമന്ത്രിയെയോ ബിജെപിയോ വിമർശിക്കാതിരുന്നതുതന്നെ അണികൾക്ക് അലോസരമായിരുന്നു.