CPM ഓഫീസ് നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും രക്ഷയില്ല, പണി തകൃതിയായി നടക്കുന്നു

ഇടുക്കി : ശാന്തൻപാറയിൽ സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണം ഭൂപതിവ് ലംഘിച്ചെന്ന് പരാതി. രണ്ടുതവണ വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നൽകിയിട്ടും കെട്ടിട നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ദേവികുളം താലൂക്കിൽ വീട് നിർമ്മിക്കുന്നതിനടക്കം റവന്യു വകുപ്പിന്റെ എൻഒസി വേണം.

എന്നാൽ സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് എൻഒസി ഇല്ല. കെട്ടിടത്തിന്റെ ആദ്യ നില വാണിജ്യ ആവശ്യത്തിനുള്ളതാണ്. ഭൂചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വില്ലേജ് ഓഫീസർ രണ്ട് തവണ കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ പേരിലാണ് സ്റ്റോപ് മെമ്മോ നൽകിയത്. എന്നാൽ മാത്യുകുഴൽനാടനുമായി ബന്ധപ്പെട്ട് ഉയർന്ന ഭൂപതിവ് ചട്ട ലംഘന വിവാദവുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല എന്നാണ് സി.പി.എം. ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.