‘പാര്‍ട്ടിയുടെ ശവമടക്ക് നടത്തിയ ചെന്നിത്തല മാപ്പ് പറഞ്ഞ് രാജി വെക്കണം’; കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ്ബി പേജില്‍ അധിക്ഷേപ പോസ്റ്റ്

രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപ പോസ്റ്റുകളുമായി കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ്ബി പേജ്. കോണ്‍ഗ്രസിന്റെ ശവമടക്ക് നടത്തിയ രമേശ് ചെന്നിത്തലയും മകനും മാപ്പു പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കണമെന്നാണ് പോസ്റ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചില നേതാക്കള്‍ നിയമിച്ച സൈബര്‍ ഗുണ്ടകളാണ് അധിക്ഷേപത്തിന് പിന്നിലെന്ന് ഐ ഗ്രൂപ്പ്.

ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടികയുടേ പേരില്‍ ഉടലെടുത്ത കലഹം കോണ്‍ഗ്രസ്സിന്റെ സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. നേതാക്കള്‍ തമ്മിലുളള ചേരിപ്പോരാണ് ഇപ്പോള്‍ പ്രവത്തകരുടെ സൈബര്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുന്നത്. ഗ്രൂപ്പുകളെ അനുകൂലിച്ചും പ്രതികൂലിച്ചും മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടി പ്രതിരോധം തീര്‍ത്തുമൊക്കെയാണ് സൈബര്‍ കലഹം കത്തിപ്പടരുന്നത്.

രമേശ് ചെന്നിത്തല അനുകൂലികളുടെ കൂട്ടായ്മയായ ആര്‍ സി ബ്രിഗേഡ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ പടയൊരുക്ക നീക്കം പുറത്തായതിന് പിന്നാലെ, രമേശ് ചെന്നിത്തലക്കും കുടുംബത്തിനുമെതിരെയാണ് ഇപ്പോഴത്തെ അധിക്ഷേപം. കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ് ബി പേജിലാണ് ചെന്നിത്തലക്കെതിരെ പോര്‍മുഖം തുറന്നിരിക്കുന്നത്. ചെന്നിത്തലയും മകന്‍ രോഹിത് ചെന്നിത്തലയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് മാപ്പുപറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് പുറത്തു പോകണമെന്നതാണ് ആവശ്യം.

ചെന്നിത്തല ശവമടക്ക് നടത്തിയ പാര്‍ട്ടി അതിജീവനത്തിനായി ശ്രമിക്കുമ്പോള്‍ അടങ്ങാത്ത പകയോടെ നാറിയ കളികളുമായി ഉറഞ്ഞാടുന്നത് അംഗീകരിക്കാനാവില്ല. ആര്‍ സി ബ്രിഗേഡ് ഗ്രൂപ്പിലെ ആഹ്വാനത്തെ അറപ്പോടെയും വെറുപ്പോടെയുമാണ് കാണുന്നതെന്നും ജയ് വിളിച്ച കൈകൊണ്ട്, മുഖമടച്ചു തരാന്‍ മടിക്കില്ലെന്നും കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ് ബി പേജില്‍ പറയുന്നു.