മരണം 49, കുവൈത്തിലെ തീപിടിത്തം, നടുക്കം രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യക്കാരടക്കം 49 പേരുടെ ജീവനെടുത്ത കുവൈത്തിലെ തീപിടിത്തത്തിൽ നടുക്കം രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യൻ അംബാസിഡർ ക്യാമ്പുകളിലേക്ക് എത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. 196 പേരായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്. എല്ലാവരെയും കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവർക്കും എംബസി പൂർണ്ണ സഹായം നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കുവൈത്തിൽ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. കെട്ടിടത്തിന് അകത്ത് നിന്നാണ് 45 മൃതദേഹങ്ങൾ കിട്ടിയത്. നാല് പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പരിക്കേറ്റ ആറ് മലയാളികൾ ഐസിയുവിൽ കഴിയുകയാണ്. നിരവധി തമിഴ്‌നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുണ്ട്.